മക്ക- മസ്ജിദുല്‍ ഹറാമിനുള്ളിലും കോമ്പൗണ്ടിലും പാറ്റകളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി ഇരുഹറം കാര്യ വിഭാഗം അറിയിച്ചു. ഒരു ഷിഫ്റ്റില്‍ 200 പേരെന്ന തോതില്‍ മൂന്നു ഷിഫ്റ്റുകളിലായി 600 തൊഴിലാളികളാണ് കീടനാശിനി ഉപയോഗിച്ച് ഇവയെ നശിപ്പിക്കുന്നത്.
ദിനേന എട്ട് പ്രാവശ്യം മസ്ജിദിനോട് പൊതുസ്ഥലങ്ങള്‍ കഴുകി വൃത്തിയാക്കുന്നുണ്ട്. മൂന്നു ദിവസം മുമ്പ് ഇവയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് നഗരസഭയും ഹറം കാര്യ വിഭാഗവും സംയുക്തമായി ഇവയെ ഉറവിടത്തില്‍നിന്ന് നശിപ്പിക്കാന്‍ തീരുമാനിച്ചത്.
വെട്ടുകിളികളോട് സാമ്യമുള്ള ഒരു തരം കറുത്ത പുല്‍ച്ചാടികളാണ് ഇവയെന്നും ഉറവിട സ്ഥാനത്ത് വെച്ച് തന്നെ അവയെ നശിപ്പിക്കുകയാണെന്നും മക്ക മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. അല്‍ഖശ്ശാശിയ ഭാഗത്തെ ടോയ്‌ലെറ്റിന്റെയും ഡ്രൈനേജിന്റെയും ഭാഗങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെട്ടത്.
അതേസമയം മക്കയില്‍ കാണപ്പെടുന്ന പുല്‍ച്ചാടികള്‍ അപകടകാരികളല്ലെന്ന് റിയാദിലെ കോളജ് ഓഫ് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ സസ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. ഹദാല്‍ ആല്‍ ദാഫിര്‍ പറഞ്ഞു.
അതേസമയം, റിയാദ് പ്രവിശ്യയിലെ അഫ്‌ലാജില്‍ ഇപ്പോള്‍ കാണപ്പെടുന്ന വെട്ടുകിളികളെ ഭക്ഷിക്കരുതെന്നും അവ രോഗാണു വാഹകരാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മക്കയിലുള്ളത് വയലുകളില്‍ കാണപ്പെടുന്ന പുല്‍ച്ചാടികളാണ്. അവ രോഗത്തിന് കാരണമാവില്ല. എന്നാല്‍ റിയാദിന്റെ തെക്ക് ഭാഗത്തെ പ്രദേശങ്ങളിലെ തോട്ടങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന വെട്ടുകിളികള്‍ക്ക് കീടനാശിനികളേറ്റിരിക്കാമെന്നും അവ ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.