Sorry, you need to enable JavaScript to visit this website.

പണിമുടക്ക് രണ്ടാം ദിനവും മലപ്പുറത്ത് യാത്രക്കാർ വലഞ്ഞു

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് എഫ്.ഐ.ടി.യു-അസെറ്റ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌

മലപ്പുറം- കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്  രാജ്യത്തെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന പണിമുടക്കിന്റെ രണ്ടാം ദിവസവും യാത്രക്കാർ വലഞ്ഞു. 
പൊതുഗതാഗതം സ്തംഭിച്ചത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്, ടാക്‌സി വാഹനങ്ങൾ എന്നിവ ഇന്നലെയും നിരത്തിലിറങ്ങിയില്ല. എന്നാൽ ചുരുക്കം ചിലയിടങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ വളരെ കുറവായിരുന്നു. ജില്ലയിൽ തീവണ്ടി ഗതാഗതവും ഇന്നലെ മണിക്കൂറുകളോളം തടസ്സപ്പെട്ടു. 
ട്രെയിൻ യാത്രകളും പലയിടങ്ങളിലും മുടങ്ങി. ഇന്നലെ എടപ്പാളിലും ചങ്ങരംകുളത്തും പൊന്നാനിയും ചില സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. യാത്രക്കാർ കുറവായതിനാൽ പല ബസുകളും ഉച്ചക്ക് ശേഷം സർവീസ് നിർത്തിവെച്ചു. വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും കാര്യമായ വ്യാപാരം നടന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.  എല്ലാ മേഖലയിലെയും തൊഴിലാളികൾ  അണിനിരന്ന പണിമുടക്കിന് സിഐടിയു, എഐടിയുസി,  ഐഎൻടിയുസി,  എസ്ടിയു അടക്കം ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് ആഹ്വാനം ചെയ്തത്.  നിലമ്പൂർ, അങ്ങാടിപ്പുറം, പരപ്പനങ്ങാടി, തിരൂർ റെയിൽവേ സ്‌റ്റേഷനുകളിൽ തൊഴിലാളികൾ ട്രെയിൻ തടഞ്ഞു. 
ഇന്നലെയും ജില്ലയിലെ സർക്കാർ ഓഫീസുകളൊന്നും കാര്യമായി പ്രവർത്തിച്ചില്ല. കലക്ടറേറ്റിൽ ഉൾപ്പെടെ ഹാജർ നില കുറവായിരുന്നു.  ട്രേഡ് യൂണിയൻ സംയുക്ത സമിതികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി. എഫ്.ഐ. ടി.യു-അസെറ്റ്  സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യോഗം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.
സമര സമതി ചെയർമാൻ വി.അനസ് അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് നാസർ കീഴുപറമ്പ്, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, വിവിധ യൂനിയനുകളെ പ്രതിനിധീകരിച്ച് റംല  മമ്പാട്,കെ.കെ.അഷ്‌റഫ്,മുഹമ്മദ് പൊന്നാനി, പരമാനന്ദൻ മങ്കട, കാദർ അങ്ങാടിപ്പുറം, അഷറഫ് വൈലത്തൂർ, സീനത്ത് കോക്കൂർ, ഫസൽ തിരൂർകാട്, വഹീദ ജാസ്മിൻ, മുഹമ്മദലി ഓടക്കൽ, നസീറ ബാനു, ഇബ്‌റാഹീം കുട്ടി മംഗലം, എൻ. മുഹമ്മദലി, അനീസ് എടയൂർ, ഫാറൂഖ് മക്കരപ്പറമ്പ്, ടി.സഹീർ, നൗഷാദാലി വണ്ടൂർ, അറഫാത്ത് പാണ്ടിക്കാട്, ടി.അബ്ദുൽ ഗഫൂർ, ഹബീബ് മാലിക് എന്നിവർ  സംസാരിച്ചു.

 

Latest News