Sorry, you need to enable JavaScript to visit this website.

നെരിപ്പോടായി ദേവിക

ദേവിക സഞ്ജയ്
ദേവികയും ഫഹദ് ഫാസിലും
നസ്‌റിയക്കൊപ്പം

അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചു നൽകുന്ന ഗോപാൽജിയാണ് പ്രകാശനെ ടീനമോളുടെ ശുശ്രൂഷകനായി ആ വലിയ വീട്ടിലേയ്ക്ക് അയച്ചത്. സമയത്തിന് മരുന്നു നൽകാനും ബർഗർ പോലുള്ള ആഹാരങ്ങൾ വിലക്കാനും ഉപദേശിച്ചുകൊണ്ടാണ് ടീനമോളുടെ അമ്മ ജോലിക്കു പോയത്. എന്നാൽ ആദ്യ ദിവസംതന്നെ ബർഗറുമായെത്തിയ ശ്രുതിയെ തുരത്തിയോടിച്ചതിന് ടീനമോൾ പ്രകാശന് എട്ടിന്റെ പണികൊടുത്തു. വീട്ടിലെ വളർത്തുനായയെ അഴിച്ചുവിട്ട് പ്രകാശനെ ഓടിച്ചു. എന്നാൽ മരത്തിൽ കയറി രക്ഷപ്പെട്ട പ്രകാശൻ പിന്നീട് ടീനമോളെ കഷ്ടപ്പാടുകൾ പറഞ്ഞ് പാട്ടിലാക്കുകയായിരുന്നു. 
കഠിനമായ തലവേദനയായിരുന്നു ടീനമോളെ അലട്ടിയത്. വിദഗ്ധ പരിശോധനയിലാണ് തലച്ചോറിൽ ട്യൂമർ വളരുന്നത് കണ്ടത്. അതോടെ പഠനം മുടങ്ങി. മാതാപിതാക്കൾ വേർപെട്ട് കഴിയുന്ന ടീനമോൾക്ക് അസുഖം കൂടിയായതോടെ അവളാകെ ഒറ്റപ്പെട്ടിരുന്നു. അവളെ സന്തോഷത്തിലേയ്ക്ക് നയിച്ചാൽ രോഗത്തിൽനിന്നും മുക്തി നേടാനാവുമെന്ന് പ്രകാശൻ പറഞ്ഞ് വിശ്വസിപ്പിച്ചു. ഷട്ടിൽ കളിച്ചും സൈക്കിൾ ചവിട്ടിയും കൂട്ടുകാരെയെല്ലാം വീട്ടിൽ വരുത്തിയും കടൽത്തീരത്ത് കളിച്ചുമെല്ലാം അവളെ സന്തോഷിപ്പിക്കാൻ പ്രകാശൻ ആവുംവിധം ശ്രമിച്ചു. ഒരു ദിവസം രാത്രിയിൽ തന്റെ മനസ്സിനിഷ്ടപ്പെട്ട കാട്ടാക്കട തങ്കപ്പൻ സാറിന്റെ ചാക്കിൽ അകപ്പെട്ട പൂച്ചയുടെ കഥ പറയവേ അവൾ പിറകിലേയ്ക്ക് വീണു. ആ വീഴ്ചയിൽനിന്നും അവൾ മടങ്ങിവന്നില്ല.
സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലാണ് പ്രകാശനായി ഫഹദ് ഫാസിലും ടീനമോളായി ദേവികാ സഞ്ജയുമെത്തുന്നത്. പ്രേക്ഷക മനസ്സിൽ നൊമ്പരമായി മാറുകയായിരുന്നു ദേവിക. ആദ്യ ചിത്രമായിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ടീനമോളെ അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് ദേവിക.


കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ സഞ്ജയിന്റെയും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ശ്രീലതയുടെയും മകളാണ് ദേവിക. സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിൽ മാത്രമല്ല, ആദ്യചിത്രം തന്നെ പ്രിയപ്പെട്ട നടനായ ഫഹദിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം കൂടിയുണ്ട് ഈ പതിനാറുകാരിക്ക്. ആദ്യചിത്രത്തിലെ വിശേഷങ്ങളെക്കുറിച്ച് ദേവിക മനസ്സു തുറക്കുന്നു.

സുഹൃത്തുക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു?
സിനിമ കണ്ട എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അച്ഛനും അമ്മയും കസിൻസും കൂട്ടുകാരും എല്ലാവരും ഒന്നിച്ചാണ് സിനിമ കാണാൻ പോയത്. കുറുമ്പുകാട്ടിയും കളിചിരികളുമായി നടന്ന നീ ഒടുവിൽ ഞങ്ങളെ കരയിച്ചല്ലോ എന്നാണ് പലരും പറഞ്ഞത്. ആദ്യ ചിത്രം തന്നെ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.

അവസരമെത്തിയത്?
കുട്ടിക്കാലംതൊട്ടേ നൃത്തം പരിശീലിക്കുന്നുണ്ടായിരുന്നു. യു.കെ.ജി തൊട്ട് ഒമ്പതാം ക്ലാസുവരെ നൃത്ത പരിശീലനം തുടർന്നു. പത്താം ക്ലാസിലെത്തിയപ്പോഴാണ് തൽക്കാലത്തേയ്ക്ക് നിർത്തിയത്. സ്‌കൂൾതലത്തിലും മറ്റുമായി ഒട്ടേറെ വേദികളിൽ നൃത്തം അവതരിപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ സ്‌കൂൾ നാടകങ്ങളിലും അഭിനയിച്ചിരുന്നു. സിനിമയിലും അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. എന്നാൽ ഒരു ഹ്രസ്വചിത്രത്തിൽപോലും മുഖം കാണിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതെല്ലാമറിയാമായിരുന്ന സ്‌കൂളിലെ രേണുക ടീച്ചറാണ് സിനിമയിലേയ്ക്ക് വഴി തുറന്നത്. പഴയകാല സംവിധായകനായ ഡോ. ബാലകൃഷ്ണൻ സാറിന്റെ മകളാണ് രേണുക ടീച്ചർ. ടീച്ചർക്ക് സത്യൻ അങ്കിളുമായി നല്ല അടുപ്പമുണ്ടായിരുന്നു. ആ അടുപ്പത്തിലൂടെയാണ് എനിക്ക് ഒഡീഷന് അവസരം ലഭിച്ചത്. കൊച്ചിയിലായിരുന്നു ഒഡീഷൻ. ഒടുവിൽ സെലക്ഷൻ ലഭിക്കുകയായിരുന്നു.

അഭിനയത്തിനായി വല്ല പരിശീലനവും?
ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. സിനിമയെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചുമെല്ലാം നേരിട്ട് മനസ്സിലാക്കാൻ കുറച്ചു ദിവസം മുമ്പുതന്നെ സെറ്റിലെത്തണമെന്ന് സത്യൻ അങ്കിൾ നിർദ്ദേശിച്ചിരുന്നു. ഫഹദിക്കയുടെയും മറ്റും അഭിനയം കണ്ട് അത്ഭുതമാണ് തോന്നിയത്. അതോടെ എനിക്കും ആത്മവിശ്വാസം തോന്നിത്തുടങ്ങി. അഭിനയിച്ചു ഫലിപ്പിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ക്യാമറയ്ക്കു മുന്നിലെത്തിയത്. എല്ലാവരുടെയും സഹകരണംകൊണ്ട് ഒരുവിധം അഭിനയിച്ചു എന്നാണ് വിശ്വാസം.

ഫഹദുമൊത്തുള്ള അഭിനയം?
ഫഹദിക്ക പ്രകാശനായി മാറുന്നത് കാണുമ്പോൾ ശരിക്കും ആശ്ചര്യം തോന്നും. മുഖത്തെ ഭാവങ്ങളും കണ്ണിലെ തിളക്കവുമെല്ലാം കാണുമ്പോൾ നമ്മളും അറിയാതെ ആ ട്രാക്കിലേയ്ക്കു വരും. നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൽനിന്നും ലഭിച്ചത്. നല്ല ക്ഷമയുള്ള മനുഷ്യനാണ്. എത്ര നേരം വേണമെങ്കിലും ക്ഷമിച്ചുനിൽക്കും. കൂടാതെ അഭിനയത്തെക്കുറിച്ചും അഭിപ്രായങ്ങൾ പറഞ്ഞുതരും. സെറ്റിൽവച്ച് ഇഷ്ടനടി കൂടിയായ നസ്രിയയെ നേരിട്ട് കാണാൻ കഴിഞ്ഞതും സന്തോഷം നൽകുന്നതായിരുന്നു.

സംവിധായകനെക്കുറിച്ച്?
സത്യൻ അങ്കിൾ ഭയങ്കര സപ്പോർട്ടീവായിരുന്നു. കൂടാതെ നല്ല ശ്രദ്ധയുമുണ്ടായിരുന്നു. അടുത്തിരുത്തി കഥ വിശദമായി പറഞ്ഞുതരും. ഓരോ സീനിലും എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി പറഞ്ഞുതരും. അപ്പോൾതന്നെ ആ സീനിനെക്കുറിച്ചുള്ള ഒരു ചിത്രം നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടാകും.

ടീനമോളെ എങ്ങനെ ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞു?
ടീനമോൾ എന്ന കഥാപാത്രത്തിന് എന്റെ സ്വഭാവവുമായി ഏറെ ബന്ധമുണ്ടായിരുന്നു. ഏഴാം ക്ലാസുകാരനായ അനുജൻ ദേവാനന്ദുമായി വീട്ടിൽ വഴക്കടിച്ചും അടിപിടികൂടിയുമെല്ലാം കളിക്കുന്ന ലാഘവത്തോടെയാണ് സിനിമയിലും അഭിനയിച്ചത്. അതുകൊണ്ടുതന്നെ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല.

പഠനത്തിനിടയിലെ അഭിനയം?
കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണിപ്പോൾ. ഷൂട്ടിംഗ് തിരക്കു കാരണം ഒരു മാസത്തോളം പഠനം മുടങ്ങി. കൂട്ടുകാരാണ് നോട്ടുകളെല്ലാം മെയിൽ ചെയ്തു തന്ന് സഹായിച്ചത്. നഷ്ടപ്പെട്ട ക്ലാസുകൾ വീണ്ടും പറഞ്ഞുതന്ന് അധ്യാപകരും സഹായിച്ചു. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇനി പരീക്ഷ കഴിഞ്ഞു മാത്രമേ സിനിമയിലേയ്ക്കുള്ളു. ഇതിനിടയിൽ ഒന്നുരണ്ടു ചിത്രങ്ങളിലേയ്ക്ക് ഓഫർ വന്നിരുന്നു. കമൽ സാറിന്റെയും നിതിൻ രൺജി പണിക്കരുടെയും ചിത്രങ്ങൾ സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു.
പ്രകാശനുമായി കളിച്ചുനടന്ന വീട്?
കൊച്ചി ഞാറക്കലാണ് ആ വീട്. വിശാലമായ അകത്തളവും ഒരുപാട് മുറികളും ഇടനാഴികകളുമെല്ലാമുള്ള വീട്. വീടിന്റെ മുക്കിലും മൂലയിലുമെല്ലാം ചെടികൾ വച്ച് അലങ്കരിച്ചിട്ടുണ്ട്. വീട്ടുടമസ്ഥയായ മേരി ആന്റിക്ക് ഗാർഡനിംഗാണ് പ്രിയം. അതുകൊണ്ടുതന്നെ വലിയൊരു പൂന്തോട്ടം ആ വീടിനെ അലങ്കരിക്കുന്നുണ്ടായിരുന്നു. വിശാലമായ മുറ്റമായതിനാൽ ഞാനും ഫഹദിക്കയും അവിടെ ഷട്ടിൽ കളിക്കുമായിരുന്നു.

ലക്ഷ്യം?
ഭാവിയിൽ ഒരു അഭിനേത്രിയാവുക എന്നതാണ് ലക്ഷ്യം. എന്നാൽ പഠനം ഉപേക്ഷിച്ചുകൊണ്ടുള്ള അഭിനയമല്ല ഉദ്ദേശിക്കുന്നത്. അഭിനയവും പഠനവും ഒന്നിച്ചുകൊണ്ടുപോകണമെന്നാണ് ലക്ഷ്യമിടുന്നത്.

നയൻതാരയേയും അസിനെയുംപോലുള്ള താരങ്ങളെ ഇന്ത്യൻ സിനിമയ്ക്കു സംഭാവന ചെയ്ത സത്യൻ അന്തിക്കാടിന്റെ പുതിയ കണ്ടെത്തലും വൃഥാവിലായില്ല. ആദ്യചിത്രത്തിലൂടെതന്നെ സ്വാഭാവികമായ അഭിനയവും ഡയലോഗ് പ്രസന്റേഷനുംകൊണ്ട് ദേവികയും മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാകുമെന്ന് പ്രത്യാശിക്കാം.

Latest News