Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 40,000 വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു

റിയാദ് - നാൽപതിനായിരത്തിലേറെ വനിതകൾക്ക് ഇതിനകം ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി വെളിപ്പടുത്തി. 
ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിച്ച് കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം അടങ്ങിയ സിവിൽ കാറുകൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ ഖാലിദ് അൽഹർബി പദ്ധതി ഉദ്ഘാടനം ചെയ്തു. 
കൂടുതൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുന്നതിന് ശ്രമിച്ചുവരികയാണെന്ന് മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. വിവിധ പ്രവിശ്യകളിൽ പതിനാലു ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ നിർമിച്ചുവരികയാണ്. അന്താരാഷ്ട്ര, വിദേശ ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റി, വനിതകൾക്ക് സൗദി ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് 22 സെന്ററുകൾ തുറന്നിട്ടുണ്ട്. കൃത്യനിർവഹണം നടത്തുന്നതിന് ട്രാഫിക് പോലീസുകാർക്ക് ബൈക്കുകൾ നൽകുന്ന പദ്ധതി എല്ലാ പ്രവിശ്യകളിലും വീണ്ടും നടപ്പാക്കും. 
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ട്രാഫിക് പോലീസ് വാഹനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം പ്രയോജനപ്പെടുത്തും. ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിച്ച് കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം അടങ്ങിയ 150 സിവിൽ കാറുകൾ ആദ്യ ഘട്ടത്തിൽ പുറത്തിറക്കും. സിവിൽ ഉദ്യോഗസ്ഥരാണ് ഈ കാറുകൾ ഓടിക്കുക. ഭാവിയിൽ പദ്ധതി കൂടുതൽ വ്യാപിപ്പിക്കും. 
ഗതാഗത നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് ബ്ലാക്ക് പോയിന്റ് നൽകുന്ന രീതി ഡ്രൈവിംഗ് സ്‌കൂളുകൾ സുസജ്ജമാകുന്ന മുറക്ക് നടപ്പാക്കി തുടങ്ങും. നിലവിലുള്ള ഡ്രൈവിംഗ് സ്‌കൂളുകൾ നവീകരിക്കുന്നതിന് രണ്ടു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്. നിശ്ചിത ബ്ലാക്ക് പോയിന്റുകൾ ലഭിക്കുന്ന ഡ്രൈവർമാരെ ഡ്രൈവിംഗ് പഠിക്കുന്നതിന് വീണ്ടും സ്‌കൂളുകളിലേക്ക് അയക്കുമെന്നും മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. 

Latest News