റിയാദ് - അധിക ഫീസില്ലാതെ തൊഴിൽ വിസാ കാലാവധി ഒരു വർഷത്തിൽ നിന്ന് രണ്ടു കൊല്ലമായി ദീർഘിപ്പിക്കുന്ന തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ പദ്ധതി സ്വകാര്യ മേഖലക്ക് പ്രചോദനമാകുമെന്ന് വ്യവസായികളും റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവരും അഭിപ്രായപ്പെട്ടു. ചില പ്രൊഫഷനുകളിലുള്ള വിസകൾ ലഭിക്കുന്നതിന് പ്രയാസം നേരിടുകയും പുതിയ വിസകൾ ലഭിക്കുന്നതിനും അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്തുന്നതിനും കാലതാമസം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സ്വകാര്യ മേഖല അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിതിലും പ്രചോദനം നൽകുന്നതിലും പുതിയ പദ്ധതിക്ക് പങ്കുണ്ടാകും.
ഏറെ അധ്വാനവും സമയവും ലാഭിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ പദ്ധതി സ്വകാര്യ മേഖലയെ സഹായിക്കുമെന്ന് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സിലെ റിക്രൂട്ട്‌മെന്റ് കമ്മിറ്റി മുൻ പ്രസിഡന്റ് മുഹമ്മദ് ആലുതാലിബ് പറഞ്ഞു. പലപ്പോഴും പൂർണമായും പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നതിനു മുമ്പായി വിസാ കാലാവധി അവസാനിക്കുന്നത് സ്വകാര്യ മേഖലക്ക് വലിയ പ്രയാസങ്ങളാണ് സമ്മാനിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പുതിയ വിസകൾക്ക് വീണ്ടും അപേക്ഷകൾ നൽകുന്നതിന് സ്ഥാപന ഉടമകളും വ്യവസായികളും നിർബന്ധിതരാകും. ഇതിന് ഏറെ സമയവും അധ്വാനവും ആവശ്യമായി വരുന്നു. വിദേശങ്ങളിൽ നിന്ന് അനുയോജ്യരായ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനും തങ്ങൾക്ക് അനുയോജ്യമായ സമയത്ത് റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കുന്നതിനും പുതിയ പദ്ധതി സ്വകാര്യ മേഖലക്ക് കൂടുതൽ സമയം നൽകുമെന്ന് മുഹമ്മദ് ആലുതാലിബ് പറഞ്ഞു.
സ്വകാര്യ മേഖലക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ റിക്രൂട്ട്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് യഹ്‌യ മഖ്ബൂൽ പറഞ്ഞു. ദേശീയ സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യ മേഖലയുടെ സംഭാവന ഉയർത്തുന്നതിന് പുതിയ പദ്ധതി സഹായകമാകും. പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതിനും സ്വകാര്യ മേഖലയുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനുള്ള പ്രത്യേക ശ്രദ്ധയും താൽപര്യവുമാണ് പുതിയ പദ്ധതി വ്യക്തമാക്കുന്നത്. ചില പ്രൊഫഷനുകളിലെ വിസകൾ ലഭിക്കുന്നതിന് ഏറെ സമയമെടുക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പുതിയ പദ്ധതി സ്വകാര്യ മേഖലക്ക് ഏറെ ആശ്വാസമാകുമെന്ന് യഹ്‌യ മഖ്ബൂൽ പറഞ്ഞു.
പദ്ധതികളുമായി മുന്നോട്ടുപോകുന്നതിന് വ്യവസായികളെയും കരാറുകാരെയും പുതിയ പദ്ധതി പ്രേരിപ്പിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ നാഷണൽ കോൺട്രാക്‌ടേഴ്‌സ് കമ്മിറ്റി അംഗം ഡോ. അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു. സ്വകാര്യ മേഖലക്ക് ഉത്തേജനം നൽകുന്നതിനും സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഘട്ടംഘട്ടമായി 68 പദ്ധതികൾ നടപ്പാക്കുമെന്ന് നേരത്തെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് വിസാ കാലാവധി രണ്ടു വർഷമായി ദീർഘിപ്പിക്കുന്ന പുതിയ പദ്ധതി. വിദേശ തൊഴിലാളികളെ ആവശ്യമുള്ള കരാറുകാർക്കും സംരംഭകർക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വിജയകരമായി പ്രവർത്തിക്കുന്നതിന് ഏറെ സഹായകമായ പദ്ധതിയാണിത്. സ്വകാര്യ മേഖലയുടെ ആവശ്യങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കണ്ടറിയുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഡോ. അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു.
സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് എളുപ്പമാകുന്നതിനും സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്തും പ്രതിബന്ധങ്ങൾക്ക് പരിഹാരം കാണുന്നതിന് ശ്രമിച്ചുമാണ് വിസാ കാലാവധി രണ്ടു വർഷമായി ദീർഘിപ്പിക്കുന്ന പദ്ധതി ആരംഭിച്ചതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സൗദിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിസ ലഭിക്കുതിനുള്ള വ്യവസ്ഥകൾ ഇപ്പോഴും പൂർണമാണെങ്കിൽ, നേരത്തെ ലഭിച്ച ഒരു വർഷ കാലാവധിയുള്ള വിസകൾ റദ്ദാക്കി രണ്ടു വർഷ കാലാവധിയുള്ള പുതിയ വിസകൾ നേടുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് രണ്ടു വർഷ കാലാവധിയുള്ള വിസയാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നൽകുന്നത്. രണ്ടു വർഷം പിന്നിട്ടാൽ ഈ വിസകൾ പുതുക്കുന്നതിനോ ദീർഘിപ്പിക്കുന്നതിനോ സാധിക്കില്ല. പ്രയോജനപ്പെടുത്താത്ത വിസകൾ റദ്ദാക്കി വിസാ ഫീസ് തിരികെ ഈടാക്കുന്നതിന് തൊഴിലുടമകൾക്ക് സാധിക്കും. ഇതിന് വിസാ കാലാവധിക്കുള്ളിലായിരിക്കണം വിസകൾ റദ്ദാക്കേണ്ടത് എന്ന് വ്യവസ്ഥയുണ്ട്. പ്രയോജനപ്പെടുത്തിയ വിസകളുടെ ഫീസ് ഒരു സാഹചര്യത്തിലും തിരികെ ലഭിക്കില്ല. ബദൽ വിസകളിൽ ഒരുവിധ ഭേദഗതികളും സാധിക്കില്ല. എന്നാൽ ബദൽ വിസകളിൽ റിക്രൂട്ട് ചെയ്യുന്നതിന് ഉദ്ദേശിക്കുന്ന തൊഴിലാളികളുടെ രാജ്യത്തിലും അവർ സൗദിയിലേക്ക് യാത്ര തിരിക്കേണ്ട രാജ്യത്തിലും ഭേദഗതികൾ വരുത്താവുന്നതാണെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.