അൽബാഹ - ദിവസേന പതിനൊന്നു മണിക്കൂർ ജോലി ചെയ്യുന്നതിന് നിർബന്ധിതനായ സൗദി പൗരന് അൽബാഹ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി സ്വാലിഹ് അൽഖൽതിയും അൽബാഹ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ശായിഖ് അൽശായിഖും അൽബാഹ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉപമേധാവി ഇബ്രാഹിം അൽസുൽഫാനും ഇടപെട്ട് നീതി ലഭ്യമാക്കി. അൽബാഹ അൽസർഖാ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കടയിൽ മൂവായിരം റിയാൽ വേതനത്തിന് ജോലി ചെയ്യുന്ന സൗദി പൗരനാണ് ഉന്നതാധികൃതർ ഇടപെട്ട് നീതി ലഭ്യമാക്കിയത്.
സൗദി പൗരന്റെ തൊഴിൽ സമയം എട്ടു മണിക്കൂറിൽ കൂടാൻ പാടില്ലെന്നും ഇക്കാര്യം കർശനമായി പാലിക്കണമെന്നും സ്ഥാപന ഉടമയെ അറിയിക്കുന്നതിന് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി നിർദേശിച്ചു. ഇക്കാര്യം ഉറപ്പുവരുത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനും സ്വാലിഹ് അൽഖൽതിയും ആവശ്യപ്പെട്ടു. പുതുതായി അഞ്ചു മേഖലകളിൽ കൂടി സൗദിവൽക്കരണം നിർബന്ധമാക്കിയതോടനുബന്ധിച്ച് ഉന്നതാധികൃതർ നടത്തിയ ഫീൽഡ് പരിശോധനയിലാണ് കുറഞ്ഞ വേതനത്തിന് ദിവസേന പതിനൊന്നു മണിക്കൂർ നേരം ജോലി ചെയ്യുന്നതിന് നിർബന്ധിതനാകുന്നതായി സൗദി പൗരൻ പരാതിപ്പെട്ടത്.