Sorry, you need to enable JavaScript to visit this website.

സംവരണ ബിൽ; മുസ്‌ലിം ലീഗ് നിലപാടിനെ പ്രശംസിച്ച് പ്രമുഖർ

തിരുവനന്തപുരം- സാമ്പത്തിക സംവരണ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തിയ മുസ്‌ലിം ലീഗ് നിലപാടിന് വിവിധ മേഖലകളിൽനിന്ന് അഭിനന്ദനം. ഭരണഘടനയെ അട്ടിമറിക്കുകയും ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കർ വിഭാവനം ചെയ്ത യഥാർത്ഥ ലക്ഷ്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന സംവരണ ബില്ലിനെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും പിന്തുണക്കുകയും ചെയ്യുമ്പോൾ മുസ്‌ലിം ലീഗിന്റെ രണ്ടും എ.ഐ.എം.എമ്മിന്റെ ഒരംഗവുമാണ് പാർലമെന്റിൽ വിയോജിപ്പ് രേഖപ്പെടുത്തിയത്. ദലിത്, ന്യൂനപക്ഷങ്ങളിലെ വിവിധ നേതാക്കൾ ലീഗ് നിലപാടിനെ പിന്തുണയറിയിച്ച് രംഗത്തെത്തി. ഇതിന് പുറമെ, മുസ്‌ലിം ലീഗിനെ കാലാകാലങ്ങളായി എതിർക്കുന്ന മുസ്‌ലിം സംഘടനകളും ലീഗിനെ പ്രശംസിച്ചു. ജനാധിപത്യത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽനിന്ന് ലീഗ് പിന്നോക്കം പോയിട്ടില്ലെന്നും അതിനെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ ഈ മൂന്ന് വോട്ടുകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും എന്നുമാണ് ലീഗ് നിലപാടിനെ പിന്തുണക്കുന്നവർ പ്രശംസിക്കുന്നത്. 
കോൺഗ്രസ് നേതൃത്വത്തിൽ വി.ടി ബൽറാം ലീഗിനെ പിന്തുണച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹത്തിന് ചെയ്ത വോട്ട് പാഴായില്ലെന്നും ബെൽറാം ഫെയ്‌സ്ബുക്കിൽ പറഞ്ഞു. 
മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. ബിൽ ഏതാനും നിമിഷത്തിനകം രാജ്യസഭയുടെ പരിഗണനക്ക് വരും. ലോക്‌സഭയിൽ 323 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ മൂന്നു പേർ എതിർത്തു. കോൺഗ്രസും സി.പി.എമ്മും ബില്ലിനെ പിന്തുണക്കുകയും ചെയ്തിരുന്നു.  സാമ്പത്തിക സംവരണ തീരുമാനത്തിന് നിയമ സാധുതയുണ്ടെന്നായിരുന്നു സാമൂഹിക നീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ട് അവകാശപ്പെട്ടത്. ഭരണഘടനാ ഭേദഗതി സുപ്രീം കോടതിക്കു തള്ളാനാകില്ലെന്നും സംവരണം 50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്ന പ്രശ്‌നമുണ്ടാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു. സാമ്പത്തിക നീതി ഉറപ്പാക്കുകയാണ് സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. ഭരണഘടനയുടെ 15, 16 അനുഛേദത്തിലാണ് മാറ്റം വരുത്തുന്നത്.
അണ്ണാ ഡി.എം.കെ അംഗങ്ങൾ ലോക്‌സഭ ബഹിഷ്‌കരിച്ചു. സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നതായി അറിയിച്ച കോൺഗ്രസ് ബിൽ ജെ.പി.സിക്കു വിടണമെന്ന് ആവശ്യപ്പെട്ടു. 
കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് തൊട്ടു പിന്നാലെയാണ്  മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നൽകുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയിൽ ഇന്നലെ അവതരിപ്പിച്ചത്. തൊഴിൽ മേഖലയിലെ നിയമനങ്ങൾക്കു പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് പൊതു, സ്വകാര്യ മേഖല ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (എയ്ഡഡ്, അൺ എയ്ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങളിൽ ഈ ഭേദഗതി ബാധകമാകും. ഭരണഘടനയുടെ 30 ാം അനുഛേദത്തിൽ വ്യവസ്ഥ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ ഭേദഗതി വ്യവസ്ഥകൾക്ക് ബാധകമല്ലാതാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം എന്ന നിയമ വ്യവസ്ഥ സർക്കാരിന് കുടുംബത്തിന്റെ വരുമാനത്തിന്റെയും മറ്റു സാമ്പത്തിക നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സമയാസമയങ്ങളിൽ പുനർ നിർവചിക്കാൻ ആകുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
സാമ്പത്തിക സംവരണം എന്നതുകൊണ്ടു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താനാകില്ലെന്ന് എ.ഐ.എ.ഡി.എം.കെ എം.പി എം. തമ്പിദുരൈ ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ദോപാധ്യയയും തിടുക്കത്തിൽ നിയമ നിർമാണം നടത്തുന്ന സർക്കാർ നടപടിയെ വിമർശിച്ചു.

Latest News