തിരുവനന്തപുരം- മുസ്ലിം വ്യക്തി നിയമം ബാധകമാക്കാന്‍ പ്രത്യേക സത്യവാങ്മൂലം നല്‍കണമെന്ന ചട്ടം സര്‍ക്കാര്‍ റദ്ദാക്കുന്നു. ശരീഅത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട എന്നുള്ളവര്‍ വിസമ്മതപത്രം നല്‍കിയാല്‍ മതിയാകുമെന്ന പുനര്‍വിജ്ഞാപനം ഉടന്‍ ഇറക്കുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. മുസ്ലിം വ്യക്തിനിയമത്തിന് ചട്ടം രൂപവത്കരിച്ച് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇതുപ്രകാരം നിയമത്തിന്റെ ആനുകൂല്യം വേണ്ടവര്‍ തഹസില്‍ദാര്‍ക്ക് താന്‍ മുസ്ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം സത്യവാങ്മൂലം നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു.
രാഷ്ട്രീയവിരോധം തീര്‍ക്കാനും മുസ്ലിം സമുദായത്തിലെ അവാന്തരവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പ്രകടിപ്പിക്കാനും ചട്ടം ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. വിവാദം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തിരുത്ത്.
എല്ലാവരും സത്യവാങ്മൂലം നല്‍കുന്നതിനുപകരം നിയമം ബാധകമാക്കേണ്ടാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍മതിയെന്ന ബദല്‍നിര്‍ദേശം കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ നല്‍കിയ നിവേദനത്തില്‍ മുന്നോട്ടുവെച്ചിരുന്നു. വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ കാര്യങ്ങള്‍ മുമ്പത്തെപ്പോലെ നിര്‍വഹിക്കപ്പെടുകയും അവയുടെ സാധുത ഈ ചട്ടപ്രകാരം ചോദ്യം ചെയ്യപ്പെടുകയും ചെയ്താല്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് അദേഹം ചൂണ്ടിക്കാട്ടിയിരുന്നു.