Sorry, you need to enable JavaScript to visit this website.

ജെറ്റ് എയർവെയ്‌സ് സൗജന്യ ടിക്കറ്റ്  ആഗോളവിൽപന പ്രഖ്യാപിച്ചു

ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്  
നെടുമ്പാശ്ശേരി- ഇന്ത്യയിലെ പ്രഥമ രാജ്യാന്തര എയർലൈൻസ് ആയ ജെറ്റ് എയർവെയ്‌സ് ആഭ്യന്തര,  രാജ്യാന്തര യാത്രക്കാർക്കുള്ള ടിക്കറ്റ് നിരക്കിൽ സൗജന്യ ആഗോളവിൽപന പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള പ്രീമിയർ, ഇക്കണോമി ക്ലാസുകളിൽ 50 ശതമാനം വരെ ഇളവ് ലഭിക്കും. ജെറ്റ് എയർവെയ്‌സ് എയർലൈൻസ് കമ്പനിയുടെ എല്ലാ ബുക്കിംഗ് ചാനലുകളിലും ഈ മാസം 11 വരെ ടിക്കറ്റ് വാങ്ങുവാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. 
ഒരു വശത്തേക്കു മാത്രമോ മടക്കയാത്രയ്ക്കും കൂടിയോ ഈ സൗജന്യ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ജെറ്റ് എയർവേസും കോഡ് ഷെയർ പങ്കാളികളും രാജ്യത്തിനകത്തും പുറത്തുമായി നടത്തുന്ന 66 സ്ഥലങ്ങളിലേയ്ക്ക് യാത്ര തെരഞ്ഞെടുക്കാം. 
ഈ മാസം 13 മുതൽ പ്രീമിയം ക്ലാസിൽ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് രാജ്യത്തിനുള്ളിൽ യാത്ര ചെയ്യാം. ഇക്കണോമി ക്ലാസിൽ 20 മുതൽ യാത്ര ചെയ്യാം. സാർക് രാജ്യങ്ങൾ, ആസിയാൻ, മസ്‌കത്തും ഷാർജയും ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങൾ, മാഞ്ചസ്റ്റർ ഉൾപ്പെടെയുള്ള യൂറോപ്പ്, വടക്കേ അമേരിക്കയിലെ ടൊറൻഡോ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ സൗജന്യം ലഭിക്കും. ജെറ്റ് എയർവെയ്‌സിന്റെ കോഡ് ഷെയർ പങ്കാളികളായ എയർ ഫ്രാൻസ്, കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസ് എന്നിവയിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കും നിരക്കിൽ ഇളവുകൾ ലഭിക്കും.
 

Latest News