Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ പണിമുടക്ക് പൂർണം; തലശ്ശേരിയിൽ ഹർത്താലിന്റെ പ്രതീതി

ദേശീയ പണിമുടക്കിന്റെ ഭാഗമായി  ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ കണ്ണൂർ-കോഴിക്കോട് പാസഞ്ചർ തടഞ്ഞപ്പോൾ

കണ്ണൂർ-  കേന്ദ്ര സർക്കാരിനെതിരെ ട്രേഡ് യൂനിയൻ സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് ആദ്യ ദിനം ജില്ലയിൽ പൂർണം. എവിടെയും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. വാഹനങ്ങൾ ഓടിയില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.
കണ്ണൂർ, കണ്ണപുരം, പയ്യന്നൂർ എന്നിവിടങ്ങളിൽ സമരക്കാർ തീവണ്ടി തടഞ്ഞു. പയ്യന്നൂരിൽ സി. കൃഷ്ണൻ എം.എൽ.എ നേതൃത്വം നൽകി. കണ്ണൂരിൽ കെ.പി. സഹദേവന്റെ നേതൃത്വത്തിലായിരുന്നു സമരം. വാഹനങ്ങൾ തടയില്ലെന്നു പറഞ്ഞിരുന്നുവെങ്കിലും പയ്യന്നൂരിൽ അന്യസംസ്ഥാന ലോറികൾ തടഞ്ഞു. നൂറോളം ലോറികളാണ് പയ്യന്നൂർ ദേശീയ പാതയിൽ തടഞ്ഞിട്ടത്. സമരാനുകൂലികൾ കണ്ണൂരിലും പയ്യന്നൂരിലും പ്രകടനം നടത്തി. പണിമുടക്ക് ആദ്യ ദിനം ഹർത്താലായി മാറി. സ്‌കൂളുകളും സർക്കാർ ഓഫീസുകളും പ്രവർത്തിച്ചില്ല.
സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പൊതു പണിമുടക്ക് തലശ്ശേരിയിൽ ഹർത്താലിന്റെ പ്രതീതി ഉളവാക്കി. പൊതു പണിമുടക്ക് ഹർത്താലാവില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിരുന്നുവെങ്കിലും കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. ഹോട്ടലുകൾ പോലും തുറന്നു പ്രവർത്തിച്ചില്ല. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞു കിടന്നു. തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ പണിമുടക്ക് അനുകൂലികൾ കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിൻ തടഞ്ഞു. തലശ്ശേരി സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയിൻ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കി. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും നടന്നു. നഗരത്തിൽ തുറന്നു പ്രവർത്തിക്കാൻ ശ്രമിച്ച രണ്ടു കടകൾ   സമരാനുകൂലികൾ അടപ്പിച്ചു. പണിമുടക്കുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്വകാര്യ വാഹനങ്ങളും ഒറ്റപ്പെട്ട ടാക്‌സികളും നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.


തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ വണ്ടി തടഞ്ഞു

തലശ്ശേരി - ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ കണ്ണൂർ-കോഴിക്കോട് പാസഞ്ചർ തടഞ്ഞു. അര മണിക്കൂർ നേരത്തെ പ്രതിഷേധത്തിന് ശേഷം പ്രവർത്തകർ മടങ്ങിയതിനെ തുടർന്ന് തീവണ്ടി യാത്ര തുടർന്നു.
ചൊവ്വാഴ്ച രാവിലെ 8.15 ന് കണ്ണൂരിൽ നിന്ന് വണ്ടി തലശ്ശേരി സ്‌റ്റേഷനിലെത്തിയപ്പോൾ പ്രവർത്തകരും നേതാക്കളും പ്രതിഷേധവുമായെത്തി വണ്ടിയുടെ മുന്നിൽ കയറി നിന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കളുടെ പ്രസംഗം അര മണിക്കൂറോളം നീണ്ടതോടെ എല്ലാവരെയും അറസ്റ്റ് ചെയ്യാൻ പോവുകയാണെന്നു പോലീസ് അറിയിക്കുകയായിരുന്നു. അൽപ നേരത്തിന് ശേഷം പ്രസംഗം കഴിഞ്ഞ് നേതാക്കളും പ്രവർത്തകരും പ്രകടനമായി സ്‌റ്റേഷന് പുറത്തേക്ക് നീങ്ങി. 
ഉപരോധ സമരം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. മനോഹരൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. സുരേന്ദ്രൻ, ടി.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു.

 

Latest News