Sorry, you need to enable JavaScript to visit this website.

ദേശീയ പണിമുടക്കിൽ കാസർകോട് ജില്ല നിശ്ചലമായി

ചെറുവത്തൂരിൽ തീവണ്ടി തടയുന്നു.
നീലേശ്വരത്ത് നടന്ന പ്രകടനം
കാഞ്ഞങ്ങാട് നഗരത്തിൽ വാഹനങ്ങൾ ഒഴിഞ്ഞതിനെ തുടർന്ന് നഗരം മോടിപിടിപ്പിക്കുന്ന തൊഴിലാളികൾ

കാസർകോട് - ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് കാസർകോട് ജില്ലയെ നിശ്ചലമാക്കി. ചെറുവത്തൂരിലെ കാഞ്ഞങ്ങാട്ട് തീവണ്ടികൾ തടഞ്ഞു. ചെറുവത്തൂരിൽ രാവിലെ മംഗളരൂവിലേക്ക് പോകുന്ന മലബാർ എക്‌സ്പ്രസും കാഞ്ഞങ്ങാട്ട് ഉച്ചയോടെ ചെന്നൈ - മംഗളൂരു മെയിൽ വണ്ടിയുമാണ് തടഞ്ഞിട്ടത്. തീവണ്ടികൾ തടഞ്ഞതോടെ ട്രെയിൻ ഗതാഗതവും താറുമാറായി. ഹർത്താലിന് സമാനമായ സാഹചര്യമാണ് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും നഗരങ്ങളിലും ഉണ്ടായത്. നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻപുറങ്ങളിലും പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളടക്കമുള്ള വാഹനങ്ങളും നിരത്തിൽ ഇറങ്ങിയില്ല. ഇരുചക്ര വാഹനങ്ങൾ ഒഴിച്ച് ഓട്ടോ, ടാക്‌സി വാഹനങ്ങൾ വരെ പണിമുടക്കിൽ പങ്കെടുത്തു. ദേശീയ പാതയിൽ നാഷണൽ പെർമിറ്റ് ലോറികൾ ഏതാനും ചിലത് ഓടിയെങ്കിലും പിന്നീട് അവയും നിശ്ചലമായി. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. ജില്ലാ കലക്ടേറേറ്റ്, ജില്ലയിലെ കാസർകോട്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ പണിമുടക്ക് പൂർണമായിരുന്നു. ജീവനക്കാർ ഹാജരായത് വളരെ കുറവായതിനാൽ ഓഫീസുകളുടെ പ്രവർത്തനം ഭാഗികമായിരുന്നു. ജോലിക്ക് ഹാജരാകാൻ ആഗ്രഹമുള്ള ജീവനക്കാർക്കാണെങ്കിൽ യാത്രാസൗകര്യം ഇല്ലാത്തതിനാൽ എത്തിപ്പെടാനും കഴിഞ്ഞിരുന്നില്ല. വ്യാപാര, വ്യവസായ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളും ഇന്ന് നിരത്തിൽ ഇറങ്ങിയത് കുറവായിരുന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടും പണിമുടക്കുമായി മുഴുവൻ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അഭ്യർത്ഥിച്ചിരുന്നു.

ചെറുവത്തൂർ, തൃക്കരിപ്പൂർ, നീലേശ്വരം നഗരങ്ങളും പണിമുടക്കിൽ നിശ്ചലമായി. കാസർകോട് കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ ആരും എത്താതിരുന്നതിനാൽ ബസ് സർവീസ് പൂർണമായും മുടങ്ങി. പണിമുടക്കിയ തൊഴിലാളികൾ കാസർകോട് നഗരത്തിൽ പ്രകടനം നടത്തി.  ടി.കെ. രാജൻ, കെ.വി. കൃഷ്ണൻ, ടി. കൃഷ്ണൻ, കരിവെള്ളൂർ വിജയൻ, മോഹൻ കുമാർ പാടി, ശരീഫ് കൊടവഞ്ചി, സുബൈർ പടുപ്പ്, ഉമേഷ് അണങ്കൂർ, സി.വി. ചന്ദ്രൻ, സുരേഷ് പുതിയേടത്ത്, മുസ്തഫ തോരവളപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. 
എന്നാൽ ദേശീയ പണിമുടക്ക് മാവുങ്കാലിൽ ബാധിച്ചില്ല. ടൗണിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പതിവ് പോലെ തുറന്നു പ്രവർത്തിച്ചു. ഓട്ടോ റിക്ഷകൾ ഉൾപ്പെടെ ചെറുകിട വാഹനങ്ങളെല്ലാം സർവീസ് നടത്തിയത് ജനത്തിന് ആശ്വാസമായി. ബി.ജെ.പി ഹർത്താൽ ദിവസം മാവുങ്കാലിൽ കടകളെല്ലാം അടഞ്ഞുകിടന്നിരുന്നു. എന്നാൽ പണിമുടക്കിനോട് ഇവിടത്തുകാർ വലിയ താൽപര്യം പ്രകടിപ്പിച്ചില്ല. ബി.ജെ.പി - സി.പി.എം സംഘർഷം നിലനിൽക്കുന്ന മാവുങ്കാലിൽ അക്രമം ഉണ്ടാകുന്നത് തടയാൻ കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. അതേസമയം കാഞ്ഞങ്ങാട് നഗരത്തിൽ പണിമുടക്ക് പൂർണമായിരുന്നു. കടകളെല്ലാം അടഞ്ഞുകിടന്നു. വാഹനങ്ങളും ഓടിയില്ല. ഇരുചക്ര വാഹനങ്ങളും ഏതാനും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടിയത്. സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. കാഞ്ഞങ്ങാട് നഗരത്തിൽ വാഹനങ്ങൾ ഒഴിഞ്ഞതിനെ തുടർന്ന് നഗരം മോടിപിടിപ്പിക്കുന്ന തൊഴിലാളികൾക്ക് തടസ്സങ്ങൾ ഇല്ലാതെ ജോലി ചെയ്യാൻ കഴിഞ്ഞു.

 
നീലേശ്വരത്ത് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കോൺവെൻറ് ജങ്ഷനിൽ നിന്ന് തുടങ്ങിയ പ്രകടനം മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു. തുടർന്ന് മാർക്കറ്റ് ജങ്ഷൻ പരിസരത്ത് പൊതുയോഗം ചേർന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ, എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി. വിജയകുമാർ, ജെ.ടി.യു.സി നേതാവ് സുരേഷ് പുതിയേടത്ത്, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം പറമ്പത്ത്, ഐ.എൻ.ടി.യു.സി നേതാവ് സി.വി. രമേശൻ, ഐ.എൻ.എൽ.സി നേതാവ് സി.വി. ചന്ദ്രൻ, കെ.വി. കൃഷ്ണൻ (ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ), കെ.കണ്ണൻ നായർ  തുടങ്ങിയവർ പ്രസംഗിച്ചു. എം. അസിനാർ അധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയൻ നീലേശ്വരം മുനിസിപ്പൽ സമിതി കൺവീനർ കെ.വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. പൊതുയോഗത്തിന് ശേഷം പണിമുടക്കിയ തൊഴിലാളികൾ മാർക്കറ്റ് ജങ്ഷൻ പരിസരത്ത് ധർണ നടത്തി. പ്രകടനത്തിനും തുടർന്ന് നടത്തിയ ധർണക്കും  രമേശൻ കാര്യങ്കോട്, സി. രാഘവ ൻ, കെ. കുഞ്ഞിക്കണ്ണൻ, കെ. ഉണ്ണി നായർ, വി. ശശി, സി. വിദ്യാധരൻ  തുടങ്ങിയവർ നേതൃത്വം നൽകി.
ചെറുവത്തൂരിൽ സമരം സി.ഐ.ടി.യു നേതാവ് ടി.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പി. വിജയകുമാർ, എം. അമ്പൂഞ്ഞി. ടി.വി. കുഞ്ഞിരാമൻ, പി. കുഞ്ഞമ്പു, വി.വി. ചന്ദ്രൻ, പി. കമലാക്ഷൻ എന്നിവർ സംസാരിച്ചു. എ. അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. കൈനി  കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. സമരം കാരണം തീവണ്ടി സർവീസ് താറുമാറായി. പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിനെ തുടർന്ന് പ്രവർത്തകർ ചെറുവത്തൂർ ടൗണിൽ പ്രകടനം നടത്തി. 


 

Latest News