Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണത്തിന്റെ പേരില്‍ വില ഉയര്‍ത്തിയാല്‍ കര്‍ശന നടപടി

റിയാദ് - സൗദിവൽക്കരണത്തിന്റെ കാരണം പറഞ്ഞ് ഉൽപന്നങ്ങളുടെ വില ഉയർത്തുന്നതിന് വ്യാപാര സ്ഥാപനങ്ങളെ അനുവദിക്കില്ലെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. സൗദിവൽക്കരണത്തിനും മുമ്പുമുള്ള വിലകൾ താരതമ്യം ചെയ്തു നോക്കുമെന്നും അന്യായമായി വില ഉയർത്തുന്നതിന് ശ്രമിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. സൗദിവൽക്കരണത്തിന്റെ കാരണം പറഞ്ഞ് അന്യായമായി വില ഉയർത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് ഉപയോക്താക്കൾ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.സൗദിവൽക്കരണം പ്രവർത്തന ചെലവുകൾ വർധിപ്പിക്കുമെന്ന് ചിലർ ഭയപ്പെടുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധൻ മുഹമ്മദ് അൽഹാരിസി പറഞ്ഞു. വിദേശികളെ അപേക്ഷിച്ച് സൗദികൾക്ക് ഉയർന്ന വേതനം നൽകേണ്ടിവരും. എന്നാൽ നിക്ഷേപകരും സൗദി ജീവനക്കാരും തമ്മിലുള്ള വിശ്വാസം വർധിക്കുക വഴി സൗദിവൽക്കരണം പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ അനുകൂല ഫലം ചെലുത്തും. ചില നിക്ഷേപകർക്ക് സൗദിവൽക്കരണം മൂലം വരുമാനം വർധിക്കും. 
സൗദിവൽക്കരണം നടപ്പാക്കുന്നതിന് കഴിയാത്തതിനാൽ ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരും. എന്നാൽ ഇത്തരത്തിൽ പെട്ട സ്ഥാപനങ്ങളിൽ ഭൂരിഭാഗവും വിദേശികൾ ബിനാമിയായി നടത്തുന്നവയാകും. സമീപ കാലത്ത് വിദേശ തൊഴിലാളികൾ വഴിയുള്ള പണമൊഴുക്ക് വലിയ തോതിൽ വർധിക്കുന്നതിന് പ്രധാന കാരണം ബിനാമി ബിസിനസുകളാണ്. ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിനും സൗദിവൽക്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതായി മുഹമ്മദ് അൽഹാരിസി പറഞ്ഞു. 
അതേസമയം, താൽക്കാലികമായി സ്ഥാപനങ്ങൾ അടച്ചിടൽ അടക്കമുള്ള ചില പ്രതികരണങ്ങൾ സൗദിവൽക്കരണം നിർബന്ധമാക്കുമ്പോൾ സ്വാഭാവികമാണെന്ന് ജിദ്ദയിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തിൽ മാനേജറായി ജോലി ചെയ്യുന്ന സാലിം സഈദ് പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ കാര്യങ്ങളെല്ലാം പൂർവസ്ഥിതിയിലാവുകയും കൂടുതൽ മെച്ചപ്പെടുകയും ചെയ്യും. സൗദി ജീവനക്കാരുടെ സാന്നിധ്യം തങ്ങളുടെ നിക്ഷേപങ്ങളുടെ കാര്യത്തിൽ വ്യാപാരികൾക്ക് കൂടുതൽ സമാധാനം നൽകും. സൗദിവൽക്കരണം നടപ്പാക്കുക വഴി ചില നിക്ഷേപകർക്ക് കൂടുതൽ ഉയർന്ന വരുമാനം ലഭിക്കുന്നുണ്ട്. 
ബിനാമി ബിസിനസുകൾക്ക് കൂട്ടുനിന്ന് ഭീമമായ വരുമാനം പാഴാക്കിക്കളഞ്ഞതായി ചില സൗദി പൗരന്മാർക്ക് ബോധ്യപ്പെടും. വിദേശികളെ ഏൽപിക്കുന്നതിനു പകരം ബിസിനസുകൾ സ്വന്തം നിലക്ക് നടത്തുന്നതിലൂടെ ഇത്തരക്കാർക്ക് കൂടുതൽ ഉയർന്ന വരുമാനം ലഭിക്കും. വിദേശികളെക്കാൾ ഉയർന്ന വേതനത്തിന് സൗദികളെ ജോലിക്കുവെക്കുന്നത് ലാഭത്തെ ബാധിക്കില്ല എന്ന കാര്യത്തിൽ വ്യാപാരികളെ ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണെന്നും സാലിം സഈദ് പറഞ്ഞു. 
 

Latest News