റിയാദ്- സൗദിയില്‍ തൊഴില്‍ വിസ കാലാവധി ഒരു വര്‍ഷത്തില്‍നിന്ന് രണ്ടു വര്‍ഷമായി ദീര്‍ഘിപ്പിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് അധിക ഫീസ് നല്‍കേണ്ടതില്ല. വിസ കരസ്ഥമാക്കുന്ന കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തിനകം റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കിയാല്‍ മതി.
സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്തും പ്രതിബന്ധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമാണ് വിസാ കാലാവധി രണ്ടു വര്‍ഷമായി നീട്ടാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിസ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പൂര്‍ണമാണെങ്കില്‍, നേരത്തെ ലഭിച്ച ഒരു വര്‍ഷ കാലാവധിയുള്ള വിസകള്‍ റദ്ദാക്കി രണ്ടു വര്‍ഷ കാലാവധിയുള്ള പുതിയ വിസകള്‍ നേടുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ തൊഴില്‍ വിസാ കാലാവധി രണ്ടു വര്‍ഷമായിരുന്നു. സൗദിവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായാണ് ഇത് ഒരു വര്‍ഷമായി കുറച്ചത്.