ഇന്ത്യയിൽ തീവണ്ടി യാത്രാ ഒരുക്കങ്ങൾ വിമാന യാത്രയുടെ മാതൃകയിലാക്കുന്നു. യാത്ര പുറപ്പെടുന്നതിനും നിശ്ചിത സമയത്തിന് മുമ്പ് യാത്രക്കാർ റെയിൽവേ സ്‌റ്റേഷനിൽ എത്തണം. അലഹബാദ് റെയിൽവേ സ്‌റ്റേഷനിൽ ഈ നിബന്ധന നടപ്പാക്കി. മറ്റു പ്രധാനപ്പെട്ട ഒട്ടേറെ റെയിൽവേ സ്‌റ്റേഷനുകളിലും നടപ്പാക്കി വരുന്നു. അധികം വൈകാതെ രാജ്യത്തെ മുഴുവൻ സ്‌റ്റേഷനുകളിലും പുതിയ നിബന്ധന നടപ്പാകും. യാത്ര പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് റെയിൽവേ സ്‌റ്റേഷനിലെത്തണം. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണിത്. തീവണ്ടി യാത്ര ആരംഭിക്കുന്നതിന് 20 മിനിറ്റ് മുമ്പ് യാത്രക്കാർ റെയിൽവേ സ്‌റ്റേഷനിൽ എത്തണം. സമയപരിധി കഴിഞ്ഞാൽ സ്‌റ്റേഷനിലേക്കുള്ള വഴി സീൽ ചെയ്യും. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് നേരത്തെ എത്താൻ ആവശ്യപ്പെടുന്നത്. ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനയാകും സ്‌റ്റേഷനിൽ നടക്കുക. കുംഭമേളയോട് അനുബന്ധിച്ച് ഉത്തർ പ്രദേശിലെ അലഹബാദ് റെയിൽവേ സ്‌റ്റേഷനിൽ പുതിയ നിബന്ധന നടപ്പാക്കിത്തുടങ്ങി. കർണാടകയിലെ ഹുബ്ലി റെയിൽവേ സ്‌റ്റേഷനിലും നടപ്പാക്കി. 202 റെയിൽവേ സ്‌റ്റേഷനുകളിൽ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചുവെന്ന് ആർ.പി.എഫ് ഡയറക്ടർ ജനറൽ അരുൺ കുമാർ അറിയിച്ചു. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധന. റെയിൽവേ സ്‌റ്റേഷനുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴികളുടെ എണ്ണം ചുരുക്കും. വിമാനത്താവളത്തിലെ പോലെ മണിക്കൂറുകൾ മുമ്പ് വരേണ്ടതില്ല. 20 മിനിറ്റ് മുമ്പെങ്കിലും എത്തണം.
എന്നാൽ മാത്രമേ പരിശോധന കഴിഞ്ഞ് യാത്ര കൃത്യസമയം പുറപ്പെടാൻ സാധിക്കൂവെന്ന് അരുൺ കുമാർ പറഞ്ഞു. ബാഗുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കും. സി.സി.ടി.വി ക്യാമറകൾ വർധിപ്പിക്കും. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഒന്നിലധികം പരിശോധനകൾ നടത്തേണ്ടി വരും. പുതിയ സുരക്ഷാ സംവിധാനങ്ങൾക്ക് വേണ്ടി 385 കോടി രൂപയാണ് ചെലവ്. നേരത്തെ യാത്രക്കാർ എത്തുന്നത് വഴി യാത്ര പുറപ്പെടും മുമ്പുള്ള തിരക്ക് ഒഴിവാക്കാനും സാധിക്കും.