Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ  ടൂറിസം മേഖലയ്ക്ക് തിരിച്ചടി

കഴിഞ്ഞ വർഷം ആദ്യ പാതിയിൽ നിപ്പ വൈറസ് ബാധയാണ് കേരളത്തിന്റെ ടൂറിസത്തിന് വിനയായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു വൈറസ് ജീവിതത്തെ ബാധിച്ചത്. അതു കഴിഞ്ഞ് പ്രളയം വന്നപ്പോൾ പൂർണമായി. എല്ലാ പ്രദേശങ്ങളെയും ബാധിച്ച് മഴ തകർത്തു പെയ്തപ്പോൾ ടൂറിസം മേഖല നിശ്ചലമായി. അത് കഴിഞ്ഞ് വീണ്ടും സജീവമാകാനിരിക്കേയാണ് ശബരിമല കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ ആവർത്തിക്കപ്പെടുന്നത്. അക്രമാസക്തമായ പ്രതിഷേധങ്ങളും ആവർത്തിക്കപ്പെടുന്ന ഹർത്താലുകളും എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി. രാജ്യാന്തര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു. വിദേശ രാജ്യങ്ങൾ കേരളം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. മുംബൈയിലെ സൗദി കോൺസുലേറ്റിന് പിറകെ യു.കെയും യു.എസും സ്വന്തം പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. 
കേരളത്തിൽ വിനോദ സഞ്ചാരത്തിനായി എത്തുന്ന പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടനും അമേരിക്കയും നിർദേശിച്ചു. ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി ഉണ്ടായതിനെ തുടർന്ന് രണ്ടു സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് കേരളത്തിലുടനീളം ആക്രമണത്തോടെയുള്ള പ്രതിഷേധങ്ങൾ നടക്കുന്നതായി അമേരിക്കൻ കോൺസുലേറ്റ് പൗരൻമാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നു. ഇതുവരെ ഒരാളുടെ മരണത്തിനും നാൽപതു ബസുകൾ ഉൾപ്പെടെ ഒട്ടേറെ നാശനഷ്ടവും കലാപത്തെ തുടർന്ന് ഉണ്ടായിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കുക, പ്രാദേശിക വാർത്തകൾ ശ്രദ്ധിച്ച് കരുതലോടെയിരിക്കുക, ചുറ്റുപാടുകളെക്കുറിച്ച് അവബോധമുണ്ടായിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അമേരിക്ക നൽകിയിട്ടുള്ളത്. സമാനമായ നിർദേശങ്ങൾ ബ്രിട്ടനും കേരളത്തിൽ യാത്ര ചെയ്യുന്ന പൗരൻമാർക്ക് നൽകിയിട്ടുണ്ട്. ഓഗസ്റ്റിൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിരുന്നു. 
പ്രളയത്തെ തുടർന്ന് അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായിരുന്നു. നവംബറോടു കൂടി വീണ്ടും സഞ്ചാരികൾ കേരളത്തിൽ എത്തിത്തുടങ്ങിയിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടർന്നുള്ള കലാപം കേരളത്തിന്റെ ടൂറിസം മേഖലക്ക് വൻ തിരിച്ചടിയായി മാറുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ മൂന്ന് ഹർത്താലുകളാണ് കേരളത്തിൽ ഉണ്ടായത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹർത്താൽ വിനോദ സഞ്ചാരികളുടെ യാത്ര താറുമാറാക്കുന്നതാണ്. ഇതു തന്നെയാണ് കേരളത്തിന്റെ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളിയും. 
തിരക്കുകളിൽ നിന്ന് അവധിയെടുത്ത് സമാധാനത്തോടെ കുറച്ച് ദിവസങ്ങൾ ചെലവഴിക്കാനാണ് സഞ്ചാരികൾ കേരളത്തിൽ എത്തുന്നത്. 

 

Latest News