ന്യൂദല്‍ഹി- ബാബ്‌രി മസ്ജിദ് തര്‍ക്ക ഭൂമി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ഇന്ന് അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് രൂപികരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുളള ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രമണ, യു യു ലളിത്, ധനഞ്ജയ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളാണ്. ജനുവരി 10 ന് കേസില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു.
ജനുവരി 10 ന് ഒരു മൂന്നംഗ ബെഞ്ച് കേസില്‍ വാദം കേട്ട് വിധി പുറപ്പെടുവിക്കും എന്നാണ് രഞ്ജന്‍ ഗോഗോയ് നേരത്തെ പറഞ്ഞിരുന്നത്.
രണ്ടേക്കര്‍ 77 സെന്റ് തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരാ അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുളളത്. രാഷ്ട്രീയനേട്ടത്തിനായി കേസ് ഉപയോഗിക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പിനുശേഷം വാദം കേട്ടാല്‍ മതിയെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വേഗം തീര്‍പ്പുകല്‍പ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും പഴയബെഞ്ചിനു മുന്നില്‍ ആവശ്യപ്പെട്ടത്.
നേരത്തെ, കോടതി നടപടി പൂര്‍ത്തിയാക്കുന്നത് വരെ രാമ ക്ഷേത്ര നിര്‍മാണം സംബന്ധിച്ച് യാതൊരു വിധത്തിലൂളള ഉത്തരവും ഇറങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു. 'നിയമ നടപടികള്‍ പൂര്‍ത്തിയാവട്ടെ' എന്നാണ് ഇന്ന് ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോഡി പറഞ്ഞത്.
ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകള്‍ ദീര്‍ഘനാളായി കേന്ദ്രം രാമ ക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഉത്തരവ് ഇറക്കി എത്രയും പെട്ടെന്ന് ക്ഷേത്ര നിര്‍മാണം തുടങ്ങണം എന്നാണ് വിശ്വ ഹിന്ദു പരിഷത് അടക്കമുളള സംഘടനകളുടെ ആവശ്യം.