Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ സംവരണ പ്രഖ്യാപനം സവര്‍ണ വോട്ട് നേടാന്‍- വി.എസ്

തിരുവനന്തപുരം- ജാതി പിന്നോക്കാവസ്ഥപോലെ സാമ്പത്തിക പിന്നോക്കാവസ്ഥ ശാശ്വതമല്ലെന്നും  സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴത്താനുള്ള ബി.ജെ.പിയുടെ നീക്കം തുറന്നു കാട്ടപ്പെടണമെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു
രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത ശേഷമേ മുന്നോക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് വി.എസ് ആവശ്യപ്പെട്ടു.
ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ ആവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്.  ഈ കാരണം കൊണ്ടു തന്നെ, സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയര്‍ന്ന ലക്ഷ്യത്തെ വ്യാപകവും സമഗ്രവുമായി ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത്.
എന്നാല്‍, ഇതൊന്നും ചെയ്യാതെ, സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബി.ജെ.പി മുന്നോട്ടുവെക്കുന്ന ആശയമാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം എന്നത്.  ഇന്ത്യന്‍ ജനാധിപത്യത്തില്‍, സംവരണം എന്ന ആശയത്തിന്റെ സത്ത ചോര്‍ത്തിക്കളയുന്ന തീരുമാനമാണ് ബിജെപി മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ളത്.  
സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല.  അതുകൊണ്ടാണ് ജനകീയ ജനാധിപത്യത്തിന്റെ സത്തയുമായി ഒരുതരത്തിലും യോജിച്ചുപോവാത്ത സാമ്പത്തിക സംവരണത്തെ സി.പി.എം പിന്തുണക്കാതിരുന്നത്.  വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഇതുപോലൊരു ക്യാബിനറ്റ് തീരുമാനമുണ്ടായപ്പോള്‍ സി.പി.എം അതിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News