പയ്യന്നൂര്‍- പണിമുടക്ക് ഹര്‍ത്താലായി മാറിയ പയ്യന്നൂരില്‍ ഇതര സംസ്ഥാന ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം വിളമ്പി തൊഴിലാളി സംഘടനകള്‍. പെരുമ്പയിലാണ് റോഡരികില്‍തന്നെ ഇലയിട്ട് ലോറി ജീവനക്കാരടക്കമുള്ളവര്‍ക്ക് ഭക്ഷണം വിളമ്പിയത്. പെരുമ്പയില്‍ ചരക്കുലോറികള്‍ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇവയില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചത് ആശ്വാസമായി.
കണ്ണൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ട്രെയിനുകളും വാഹനങ്ങളും തടഞ്ഞിരുന്നു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.സി.യും ഓട്ടോറിക്ഷകളുമടക്കം നിരത്തിലിറങ്ങിയില്ല.
കണ്ണൂരില്‍ ചെന്നൈ-മംഗളൂരു ട്രെയിനും പയ്യന്നൂരില്‍ ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസും മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസുമാണ് തടഞ്ഞത്. പയ്യന്നൂരില്‍നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്‌സപ്രസ് കണ്ണപുരത്തും തടഞ്ഞു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നടന്ന സമരം സി.കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.