തിരുവനന്തപുരം- പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന ബജറ്റില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജി.എസ്.ടിക്കുമേല്‍ ഒരുശതമാനം സെസ് ചുമത്തുന്നതുവഴി 500 കോടി രൂപയുടെ അധികവരുമാനം ലഭിക്കും. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും സ്റ്റാംപ് ഡ്യൂട്ടി അടക്കമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയിലെയും നികുതികള്‍ ഇത്തവണ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ജി.എസ്.ടിക്കുമേല്‍ ഒരുശതമാനം സെസ് ഏര്‍പ്പെടുത്തുന്ന ഉല്‍പന്നങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. 500 കോടി രൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. അടുത്തവര്‍ഷം കൂടി സെസ് തുടരുന്നതോടെ ഈയിനത്തില്‍ 1000കോടി രൂപ ലഭിക്കും.
കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്ടി വരുമാനത്തിലെ വളര്‍ച്ച 13 ശതമാനമാണ്. കേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യമില്ലാത്ത സ്ഥിതിയിലേക്ക് ജി.എസ്.ടി നികുതിവരുമാനം ഉയരും. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം കുറഞ്ഞു പോകാതിരിക്കാന്‍ നിര്‍ത്തിവച്ചിരുന്ന വാറ്റ് നികുതി കുടിശിക പിരിക്കല്‍ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.