കോഴിക്കോട്- പേരാമ്പ്ര ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി വ്യവസായമന്ത്രി ഇ.പി ജയരാജൻ. എഴുതിച്ചേർത്ത എഫ്.ഐ.ആർ ആണിതെന്നും പോലീസ് കാര്യങ്ങൾ വഴിതിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു.
ആർ.എസ്.എസ് പ്രേരണയാണ് എഫ്.ഐ.ആറിന് പിന്നിലെന്നും മന്ത്രി കുറ്റപ്പെടുത്തി. ആർ.എസ്.എസ് ക്യാംപുമായി ബന്ധപ്പെട്ട ചില പോലീസുകാർ അവിടെയുണ്ട്. അവർ എഴുതിച്ചേർത്തതാണ് എഫ്.ഐ.ആർ. പേരാമ്പ്ര പള്ളി ഒരു കാരണവശാലും ആക്രമിക്കപ്പെടാൻ പാടില്ല. ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് വാർത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. പോലീസിനെതിരെ നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറിേയറ്റും പ്രസ്താവന ഇറക്കിയിരുന്നു. ആർ.എസ്.എസ് ബന്ധമുള്ളവരാണ് കല്ലെറിഞ്ഞത്. സംഭവം സർക്കാർ ശക്തമായി പരിശോധിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.
പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലേറ് നടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പർധ വളർത്താനാണ് എന്നായിരുന്നു എഫ്.ഐ.ആർ. രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്പ്രയിൽ ഹർത്താൽ ദിനം പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും മുൻ എസ്.എഫ്.ഐ ജില്ലാ നേതാവുമായ പന്നിമുക്ക് മാണിക്കോത്ത് അഖിൽദാസിനെയാണ് അറസ്റ്റു ചെയ്തത്. ചെറുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി അഖിൽ ദാസും കൂട്ടാളികളും പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ഇരുവിഭാഗങ്ങൾ തമ്മിൽ ലഹളയുണ്ടാക്കാനാണെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
20ഓളം വരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണത്തിൽ പങ്കാളികളായി. പ്രതിയും ഒപ്പമുള്ളവരും ചേർന്ന് പ്രദേശത്ത് മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 6.45നാണ് മേപ്പയ്യൂർ റോഡിൽ സ്ഥിതിചെയ്യുന്ന പേരാമ്പ്ര പള്ളിക്കുനേരെ കല്ലേറുണ്ടായത്. ഇതിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.