റിയാദ് - രണ്ടു ഫുഡ്സ്റ്റഫ് കമ്പനികൾക്ക് പ്രത്യേക കമ്മിറ്റി നാലു കോടി റിയാൽ പിഴ ചുമത്തി. ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ നൽകിയ പരാതിയിലാണ് കമ്പനികൾക്ക് കമ്മിറ്റി പിഴ ചുമത്തിയത്. ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ അനുമതി തേടാതെ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കിയും വിപണികൾ പങ്കുവെക്കുന്നതിന് ധാരണയുണ്ടാക്കിയും കോംപറ്റീഷൻ നിയമം ലംഘിച്ചതിനാണ് കമ്പനികൾക്ക് ഭീമമായ തുക പിഴ ചുമത്തിയത്.
പരസ്പരം ലയിക്കുന്നതിനും ഓഹരികൾ സ്വന്തമാക്കുന്നതിനും ആഗ്രഹിക്കുന്ന കമ്പനികൾ ലയനവും ഏറ്റെടുക്കൽ പ്രക്രിയയും പൂർത്തിയാക്കുന്നതിന് ചുരുങ്ങിയത് അറുപതു ദിവസം മുമ്പെങ്കിലും ഇതേക്കുറിച്ച് ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷനെ രേഖാമൂലം അറിയിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും ഉപയോക്താക്കളെയും പ്രതികൂലമായി ബാധിക്കുന്ന നിലക്ക് വിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നതിന് തടയിടുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നിക്ഷേപങ്ങളുടെ ഒഴുക്കിനെ ബാധിക്കാതെ നോക്കുന്നതിനുമാണ് പരസ്പരം ലയിക്കുന്നതിനും ഓഹരികൾ സ്വന്തമാക്കുന്നതിനും ആഗ്രഹിക്കുന്ന കമ്പനികൾ ലയനവും ഏറ്റെടുക്കൽ പ്രക്രിയയും പൂർത്തിയാക്കുന്നതിനു മുമ്പായി അതോറ്റിയുടെ അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ ബാധകമാക്കിയിരിക്കുന്നത്.