കാസർകോട് - സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാൻ കാലുകൾക്ക് സ്വാധീനമില്ല, അപേക്ഷകൾ എഴുതാൻ കൈകളും വഴങ്ങാറില്ല. വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് പരസഹായത്തോടെ വീൽ ചെയറിലാണ്. സ്വന്തമായി ഒരുപിടി മണ്ണുപോലും കേരളത്തിൽ എവിടെയുമില്ല.
ഈ ദുരവസ്ഥയിലും ഒരു സെന്റ് ഭൂമി പോലും നൽകാതെ സാങ്കേതികത്വം പറഞ്ഞു വട്ടം കറക്കിയ റവന്യു ഉദ്യോഗസ്ഥരുടെ മുന്നിൽ കൈകാലുകൾ തളർന്നിട്ടും മനസ് തളരാതെ പിടിച്ചുനിന്ന ചന്തേരയിലെ കാഞ്ഞിരക്കീൽ രാജീവൻ ഇന്ന് നാല് സെന്റ് ഭൂമിയുടെ അവകാശിയാണ്. കൊടക്കാട് വില്ലേജിലെ പുത്തിലോട്ടാണ് രാജീവന് സർക്കാർ സ്വന്തമായി ഭൂമി നൽകിയത്. അമ്മ കാഞ്ഞിരക്കീൽ ജാനകിയുടെ കൂടെ ചന്തേരയിലെ കുടുംബ വീട്ടിൽ താമസിച്ചുവരുന്ന രാജീവൻ 2005 ലാണ് സർക്കാർ ഭൂമി ലഭിക്കാൻ നാട്ടുകാരുടെ പ്രേരണയിൽ അപേക്ഷ നൽകിയത്. കാലിക്കടവ് ടൗണിൽ കാൽനൂറ്റാണ്ടായി ലോട്ടറി ടിക്കറ്റ് വിറ്റുകിട്ടുന്ന കാശ് കൊണ്ട് കുടുംബം കഴിഞ്ഞുകൂടുന്ന രാജീവന്റെ പരിതാപകരമായ അവസ്ഥയിലും കനിവ് കാണിക്കാൻ അക്കാലത്തെ റവന്യു അധികാരികൾ തയ്യാറായിരുന്നില്ല. പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും ആവശ്യമായ സർട്ടിഫിക്കറ്റ് വാങ്ങി നൽകിയിട്ടും സർക്കാർ കാര്യം മുറപോലെ എന്നായി. അധികാരികളുടെ ചുറ്റിക്കൽ നിമിത്തം പതിമൂന്ന് വർഷം നീണ്ട കാത്തിരിപ്പ്. ഒടുവിൽ ജില്ലക്കാരനായ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനോടും നാട്ടുകാരനായ എം.എൽ.എ എം. രാജഗോപാലനോടും സങ്കടം പറഞ്ഞതോടെ നടപടി വേഗത്തിലായി. സ്ഥലം ലഭിക്കാൻ പുതിയ അപേക്ഷ നൽകി.
പുതുതായി ചാർജെടുത്ത കൊടക്കാട് വില്ലേജ് ഓഫീസർ കുഞ്ഞമ്പുവിന്റെ പ്രത്യേക താൽപര്യം കൂടിയായതോടെ രാജീവൻ ഭൂമിക്ക് നേരവകാശിയായി. ഭാര്യ രജനിയും വിദ്യാർഥികളായ മക്കൾ രതിൻ രാജും രജിനയും അടങ്ങുന്ന കുടുംബമാണ് ഈ 48 കാരന്റേത്. മറ്റു വരുമാന മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ലോട്ടറി വിൽക്കാൻ നാട്ടുകാരും മകനുമാണ് രാജീവനെ വീൽചെയറിൽ ഇരുത്തി കാലിക്കടവിൽ എത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതും. കാസർകോട് ടൗൺ ഹാളിൽ റവന്യു വകുപ്പ് മന്ത്രിയുടെ കൈകളിൽനിന്ന് നാല് സെന്റ് ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങിയപ്പോൾ രാജീവന്റെ മുഖത്ത് ആഹ്ലാദത്തിന്റെ നിറവ് തന്നെയായിരുന്നു. ഇനി സ്വന്തമായി വീട് പണിയുക എന്നതാണ് രാജീവന്റെ സ്വപ്‌നം. ഇനിയുള്ള നാളുകൾ വീടിനായുള്ള പരിശ്രമങ്ങളിൽ മുഴുകുമെന്നാണ് സന്തോഷത്തോടെ ജനങ്ങളുടെ ഈ സ്വന്തം ലോട്ടറി വിൽപ്പനക്കാരൻ പറയുന്നത്.