ഇടുക്കി- ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറന്നതിനെ തുടർന്ന് ജലാശയത്തിൽ വനംവകുപ്പ് ആരംഭിച്ച ബോട്ട് സവാരിക്ക് തിരക്കേറി. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 1700 പേർ ബോട്ട് സവാരിക്കെത്തി.
ഒരു ബോട്ടു മാത്രമുള്ളതിനാൽ എല്ലാ സന്ദർശകരേയും കൊണ്ടുപോകുവാൻ കഴിയുന്നില്ല. ജലാശയത്തിൽ 75 ശതമാനത്തോളം വെള്ളമുള്ളതിനാൽ സന്ദർശകർക്ക് ബോട്ടിംഗ് ആനന്ദകരമാണ്. അരമണിക്കൂർ യാത്രയിൽ ഇടുക്കി-ചെറുതോണി അണക്കെട്ടുകളും കുറവൻകുറത്തി മലകളും വൈശാലി ഗുഹയും അയ്യപ്പൻ കോവിൽ ഭാഗത്തേക്കുള്ള മലകളും കാണാൻ കഴിയും. ചില സമയങ്ങളിൽ ആന, കേഴ, മാൻ തുടങ്ങിയ കാട്ടുമൃഗങ്ങളേയും കാണാം. ബോട്ടിൽ ഗൈഡിനെ നിയമിച്ചിട്ടുണ്ട്. അവർ ഇടുക്കി പദ്ധതിയുടെ ആരംഭ കാലവും ആദിവാസികളെ സംബന്ധിച്ചും ഇടുക്കി പദ്ധതിയുടെ വഴികാട്ടി ചെമ്പൻ കൊലുമ്പനെ സംബന്ധിച്ചും വിശദീകരിക്കുന്നുണ്ട്. ബോട്ടിംഗിന് ഒരാൾക്ക് 140 രൂപയാണ് ഫീസ്. 18 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് സർവീസ് നടത്തുന്നത്. ബോട്ടിംഗിനൊപ്പം ചാരനള്ള്, വനം വകുപ്പിന്റെ ഔഷധ സസ്യതോട്ടം എന്നിവ കാണുന്നതിന് ട്രക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളാപ്പാറയിൽ നിന്നാണ് ബോട്ടിംഗ് ആരംഭിക്കുന്നത്. ഇതിന് സമീപം ഹണിമൂൺ കോട്ടേജുകളും വനംവകുപ്പ് നിർമിച്ചിട്ടുണ്ട്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും എത്തുന്ന സന്ദർശകർ വെള്ളാപ്പാറ ബോട്ട് ലാന്റിംഗിൽ വിശ്രമിക്കുന്നതിനും കാറ്റുകൊള്ളുന്നതിന് ദീർഘനേരം ചെലവഴിക്കാറുണ്ട്. ചുറ്റും വനമായതിനാൽ തണുപ്പുള്ള കാറ്റുവീശുന്നത് സന്ദർശകർക്ക് നവ്യാനുഭവമാണ്. മറ്റു പ്രദേശങ്ങളിലുള്ള ബോട്ട് സവാരിയേക്കാൾ മനോഹരമാണ് ഇടുക്കി ജലാശയത്തിലേതെന്ന് സന്ദർശകർ പറയുന്നു.