കോഴിക്കോട്- സമൂഹമാധ്യമങ്ങളില്‍ മലയാളികളെ തമ്മിലടിപ്പിക്കാന്‍ ഗൂഗിള്‍. ഇന്ത്യയിലെ മോശം മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ നല്‍കിയ മറുപടി പിണറായി വിജയനാണെന്ന വാര്‍ത്തക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് ലഭിച്ചത്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ത്ത കേരളത്തിനു പുറമെ, മറ്റു സംസ്ഥാനങ്ങളിലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എന്നാല്‍ ബാഡ് മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനു മാത്രമല്ല, ബെസ്റ്റ് മുഖ്യമന്ത്രി ആരെന്ന സെര്‍ച്ചിനും ഗൂഗിള്‍ നല്‍കുന്ന ഉത്തരം പിണറായി വിജയന്‍ എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് സെര്‍ച്ച് റിസള്‍ട്ടല്‍ ഒന്നാമതായി വരുന്നത്.
വിചിത്രമായ സെര്‍ച്ച് റിസള്‍ട്ട് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ പുതുമയല്ല. പത്ത് പ്രധാന കുറ്റവാളികളുടെ ചിത്രങ്ങളില്‍ ഗൂഗിള്‍ ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ബാഡ് പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്ന ചോദ്യത്തിന് നരേന്ദ്ര മോഡിയെന്ന ഉത്തരമാണ് ഗൂഗിള്‍ ഇപ്പോള്‍ നല്‍കുന്നത്.
ഗൂഗിള്‍ സെര്‍ച്ചില്‍ ഒരു ചോദ്യം ഉന്നയിച്ചാല്‍ ഏറ്റവും മുകളിലായി ഒരു സ്‌നിപ്പറ്റ് ബ്ലോക്കിലാണ് പ്രധാന റിസള്‍ട്ട് പ്രദര്‍ശിപ്പിക്കുന്നത്. ഇതാണ് പിണറായി വിജയനും കേരള സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ പ്രചാരണത്തിന് ഉപയോഗിച്ചത്. സെര്‍ച്ചിലെ ചോദ്യത്തിന്റെ ഉത്തരത്തിന്റെ സംഗ്രഹവും അത് എടുത്ത പേജിന്റെ ലിങ്കുമാണ് ഈ സ്‌നിപ്പറ്റ് ബ്ലോക്കില്‍ നല്‍കുന്നതെന്ന് ഗൂഗിള്‍ വിശദീകരിക്കുന്നു. വിക്കിപീഡിയ ലിങ്കാണ് ഇവിടെ ലഭിക്കുന്നത്.
ഗൂഗിള്‍ സെര്‍ച്ചിന്റെ മറവില്‍ കുപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.