അൽഹസ- അബുദാബിയിൽനിന്ന് 2018 ഡിസംബർ എട്ട് മുതൽ കാണാതായ കാസർകോട് സ്വദേശിയെ അൽഹസ ജയലിൽ കണ്ടെത്തി. നീലേശ്വരം പാലായിയിൽ ഹാരിസിനെ(28 )യാണ് അൽഹസയിൽ കണ്ടെത്തിയത്. അബുദാബി ഹംദാൻ സ്ട്രീറ്റിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹാരിസ്. ഡിസംബറിൽ നടന്ന സഹോദരീ പുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാൻ കമ്പനിയോട് ലീവ് ചോദിച്ചിരുന്നു. അത് കിട്ടാതെ വന്നപ്പോൾ വിസ കാൻസലാക്കിത്തരാൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പതിനഞ്ചു ദിവസം കാത്തിരിക്കാൻ പറഞ്ഞ കമ്പനി അധികൃതരുമായി ഹാരിസ് പിണങ്ങിയിരിക്കുകയായിരുന്നു എന്നാണു കുടുംബക്കാർ പറഞ്ഞത്. ആ വിഷമത്തിൽ അവിടെ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു.
ഹാരിസ് നടന്നു സൗദി ബോർഡറിലെത്തി. രേഖകളില്ലാതെ സൗദി അതിർത്തി കടന്ന ഹാരിസിനെ അതിർത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ഖാലിദിയയിലെ അൽ ഹസ സെന്റർ ജയിലിനു കൈമാറി. രേഖകളില്ലാതെ സൗദിയിലേക്ക് നുഴഞ്ഞു കയറി എന്നതാണ് കേസ്. അൽ ഹസ സെന്റർ ജയിലിൽ എത്തിയിട്ട് ഏകദേശം ഒരു മാസമായി. ജയിലിൽ ആഹാരത്തോടു വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത ഹാരിസിൽ കാണുകയും ചെയ്തപ്പോൾ ജയിൽ അധികൃതർ ചികിത്സക്കായി ഹാരിസിനെ ഞായറാഴ്ച രാവിലെ അൽ ഹസ സൈക്യാട്രിക് ഹോസ്പിറ്റലിലേക്ക് മാറ്റി. മാനസികരോഗാശുപത്രിയിലെ ജയിൽ വാർഡിൽ ആണ് ഇപ്പോൾ ഹാരിസുള്ളത്.
വിവരമറിഞ്ഞു അൽ കോബാറിൽ നിന്നും ഹാരിസിന്റെ മാതൃ സഹോദരീ പുത്രൻ കാഞ്ഞങ്ങാട് സ്വദേശി ശിഹാബ് പൂമാടവും മറ്റൊരു ബന്ധുവായ കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി കാസർഗോഡ് ജില്ലാ സെക്രട്ടറിയും അൽ ഖോബാർ ടൗൺ ഏരിയ സെക്രട്ടറിയുമായ ജുനൈദും അൽ ഹസ ഇസ്‌ലാമിക് സെന്ററിൽ ബന്ധപ്പെട്ടിരുന്നു. മലയാള വിഭാഗം പ്രബോധകൻ നാസർ മദനി അവരുമായി ആശുപത്രിയിലെ ജയിൽ വാർഡിൽ പോയി ഹാരിസിനെ കണ്ടു സംസാരിച്ചു. ആവശ്യമായ രേഖകൾ ശരിയാക്കി നാട്ടിലേക്കയക്കാൻ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്. ആശുപത്രിയിൽ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്ത മലയാളി സിസ്റ്റർ ഷീജ ജെയ്‌മോന് ബന്ധുക്കളും സാമൂഹിക പ്രവർത്തകരും നന്ദി അറിയിച്ചു.