തിരുവനന്തപുരം- ഹർത്താലിന്റെയും ബന്ദിന്റെയും മറവിൽ സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കക്കുന്നത് തടയുന്നതിനുള്ള ഓർഡിനൻസുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഹർത്താൽ, ബന്ദ്, എന്നിവ നടത്തി സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. വർഗീയ സംഘർഷം, ഹർത്താൽ ബന്ദ് എന്നിവയുടെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നത് ഓർഡിനൻസിന്റെ പരിധിയിൽ കൊണ്ടുവരും.
സ്വത്തുക്കൾ നശിപ്പിക്കുന്നവരിൽനിന്ന് നഷ്ടം ഈടാക്കിപ്പിക്കും. അക്രമം നടത്തുന്നവരെ പിടികൂടുകയും അവരിൽനിന്ന് നഷ്ടം ഈടാക്കുകയും ചെയ്യും. വർഗീയ സംഘർഷത്തിലും മറ്റും അക്രമം നടത്തുന്നവർക്കെതിരെയാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാശനഷ്ടം കണക്കാക്കി ആ തുക കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കൂ. ഹർത്താൽ എന്നത് ജനാധിപത്യത്തിന്റെ അവസാന സമരമാണ്. അത് പ്രഹസനമായി മാറുന്നു. ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ല. അതാണ് സർക്കാർ സമീപനം.
സംസ്ഥാനത്ത് ബോധപൂർവ്വം അക്രമം അഴിച്ചുവിടാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നടന്ന അക്രമങ്ങളിൽ 99 ശതമാനവും ആസൂത്രണം ചെയ്തത് സംഘ്പരിവാറാണ്. ആസൂത്രിതമായ അക്രമണമാണ് നടന്നത്. കേരളത്തിന്റെ സമാധാനം തകർക്കാനാണ് ശ്രമിക്കുന്നത്. അക്രമം നടത്തി കേരളത്തെ തകർക്കാനായിരുന്നു ശ്രമിച്ചത്. സംഘ്പരിവാർ ഉദ്ദേശിച്ച കാര്യം നടക്കാത്തത് കൊണ്ടാണ് സർക്കാറിനെ പിരിച്ചുവിടുമെന്ന് വീമ്പിളക്കുന്നത്. കേരളത്തിൽ ഒരു ക്രമസമാധാനഭംഗവും ഉണ്ടായിട്ടില്ല. അക്രമത്തെ കർശനമായി നേരിടുമെന്നും ഇരകൾക്ക് നീതി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്യരുതെന്ന് കേരളത്തിൽ വന്നു പറയരുത്. അത് കേരളത്തിൽ നടക്കില്ല. പട്ടാപകൽ കൊല നടത്തുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളിൽ സംരക്ഷണം ലഭിക്കുന്നുണ്ടാകും. വിരട്ടൽ ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷിയൊന്നും സംഘ്പരിവാറിന് ഇല്ല.
പേരാമ്പ്ര പള്ളിയിലേക്ക് കല്ലെറിഞ്ഞത് വർഗീയ സംഘർഷമുണ്ടാക്കാനാണെന്ന പോലീസ് റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പഠിച്ച ശേഷം ഇക്കാര്യത്തിൽ മറുപടി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തുശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ പിന്തുണക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.