റിയാദ് - ഭീകരരുടെ താവളങ്ങളിൽ ദേശീയ സുരക്ഷാ ഏജൻസി നടത്തിയ റെയ്ഡുകൾക്കിടെ 48.9 ടൺ സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി കണക്ക്. ഭീകരരിൽ നിന്ന് 5,120 തോക്കുകളും 8,98,017 വെടിയുണ്ടകളും 6,651 കാട്രിഡ്ജുകളും ദേശീയ സുരക്ഷാ ഏജൻസി പിടിച്ചെടുത്തു. കഴിഞ്ഞ വർഷാവസാനം വരെയുള്ള കാലത്ത് ദേശീയ സുരക്ഷാ ഏജൻസി ഭീകരരുടെ 28 താവളങ്ങളാണ് റെയ്ഡ് ചെയ്തത്. കഴിഞ്ഞ കൊല്ലം രാജ്യത്ത് ഭീകരാക്രമണങ്ങളിൽ 75 ശതമാനം കുറവ് രേഖപ്പെടുത്തി. ഭീകരാക്രമണ പദ്ധതികൾ മുൻകൂട്ടി കണ്ടെത്തി പരാജയപ്പെടുത്തുന്നതിനും ആക്രമണങ്ങൾ നടത്തുന്നതിനു മുമ്പായി ഭീകരരുടെ താവളങ്ങൾ റെയ്ഡ് ചെയ്യുന്നതിനും സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചതാണ് ഭീകരാക്രമണങ്ങൾ വലിയ തോതിൽ കുറക്കുന്നതിന് സഹായകമായത്. ഭീകര താവളങ്ങളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകൾ അടക്കം കഴിഞ്ഞ വർഷം ആകെ ഏഴു ഭീകരാക്രമണങ്ങൾ മാത്രമാണ് രാജ്യത്തുണ്ടായത്. 2017 ൽ രാജ്യത്ത് മുപ്പതു ഭീകരാക്രമണങ്ങളുണ്ടായിരുന്നു.
2016 മുതൽ സൗദിയിൽ ഭീകരാക്രമണങ്ങൾ കുറയുന്നതിന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിച്ച് 850 പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. 1979 മുതൽ സൗദിയിൽ ഭീകര സംഘടനകൾ 1,096 ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇവയിൽ മൂവായിരത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടു. നൂറു കണക്കിന് സുരക്ഷാ സൈനികർക്കും ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു.