Sorry, you need to enable JavaScript to visit this website.

അനുഭവങ്ങൾ ഇന്ധനം പകർന്ന ഇസ്പാഫ് ക്യാമ്പ്

ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ജിദ്ദയിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിന്ന്.
ഡോ. ഇസ്മായിൽ മരിതേരിയുടെ ക്ലാസ്

ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്)  ജിദ്ദയിലെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പ് പുത്തൻ അനുഭൂതിയുടെയും സാമൂഹിക ജീവിതത്തിന് കരുത്തേകുന്ന അറിവിന്റെയും അങ്ങാടിയായി മാറി. 
ഫഌറ്റിനുള്ളിൽ ഒതുങ്ങി ജീവിക്കുന്ന കുട്ടികൾക്ക് പുതിയൊരു ലോകം തുറന്നു കൊടുക്കുന്നതായിരുന്നു രണ്ടു ദിനരാത്രങ്ങളിലായി  ജിദ്ദ കോർണിഷിനു സമീപം  വില്ലയിൽ ഒരുക്കിയ ക്യാമ്പ്. രക്ഷിതാക്കളുടെ നിയന്ത്രണങ്ങളിൽ മാത്രം ജീവിച്ചു പരിചയമുള്ള കുട്ടികൾക്ക് സൗഹൃദം പങ്കിട്ടു കൂട്ടുകാരോടൊന്നിച്ച് രണ്ടുദിനം ചെലവഴിക്കാൻ ലഭിച്ച അവസരം അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്. പഠന നിലവാരം ഉയർത്താൻ സഹായകരമായ ക്ലാസുകൾക്ക് പുറമെ കലാപരവും കായികവുമായ കഴിവുകൾ കൂടി പുറത്തെടുക്കുന്നതിനും പ്രകൃതിയെ അടുത്തറിയുന്നതിനും ക്യാമ്പ് അവസരമൊരുക്കി. ജിദ്ദയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ 155 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.  
സൗദി അറേബ്യയിലെ പ്രശസ്ത പരിശീലകരും ടോസ്റ്റ് മാസ്റ്റേഴ്‌സും, കൃഷിസ്‌നേഹികളും, ആരോഗ്യ വിദഗ്ധരും ക്ലാസുകൾക്ക് നേതൃത്വം വഹിച്ചു.


മുഹമ്മദ് ബിൻ നാസറിന്റെ പ്രാർഥനയോടെ  ആരംഭിച്ച ക്യാമ്പ് ഇസ്പാഫ് പ്രസിഡൻറ് അബ്ദുൾ നാസർ ചാവക്കാട് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്യാമ്പ് കൺവീനർ ഡോ. മുഹമ്മദ് ഫൈസൽ ക്യാമ്പിന്റെ നടപടിക്രമങ്ങളെക്കുറിച്ചും മുൻവർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെകുറിച്ചും പ്രസേേന്റഷന്റെ സഹായത്തോടെ ക്യാമ്പങ്ങളൈ പരിചയപ്പെടുത്തി.
സഭാകമ്പം മാറ്റുന്നതിനുള്ള ശ്രമമായിരുന്നു ക്യാമ്പിൽ ആദ്യം നടന്നത് . ഇതിന്   മുഹമ്മദ് കുഞ്ഞി, അബ്ദുൽഅസീസ് തങ്കയത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് സീനിയേഴ്‌സിനും ജൂനിയേഴ്‌സിനും വേറെവേറെ സെഷനുകളായാണ് ക്ലാസുകൾ നടന്നത്.  സെൽഫ് അവയർനസ് എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ അധ്യാപകനായ ഡോ. ഇസ്മായിൽ മരിതേരി മുതിർന്ന കുട്ടികളെ തിരിച്ചറിവിന്റെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ  ജൂനിയർ വിഭാഗത്തെ  ചിരിയും ചിന്തയും കോർത്തിണക്കിയുള്ള മെമ്മറി ആൻഡ് ഇൻറലിജൻസ് എന്ന പരിപാടിയിലേക്ക് മുഹ്‌സിൻ കാളികാവും അബ്ദുൽസലാമും ചേർന്നു നയിച്ചു. കൂട്ടായുള്ള പ്രവർത്തനം എത്രമാത്രം ഗുണം ചെയ്യുമെന്ന പാഠങ്ങൾ എം.എം ഇർഷാദും റഷീദ് അമീറും ചേർന്ന് കുട്ടികൾക്ക് പകർന്നു നൽകി. വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തിൽ പുത്തൻ ആശയങ്ങൾ സമ്മാനിക്കുന്നതായിരുന്നു കുഞ്ഞിമുഹമ്മദ് പട്ടാമ്പിയുടെ ക്ലാസ്. ജീവിത വിജയത്തെ  സമ്പന്നമാക്കുന്നതിൽ ആശയവിനിമയത്തിനുള്ള പങ്ക് വളരെ വലുതാണെന്ന് ടോസ്റ്റ് മാസ്റ്റർ റെഗ്ഗി മെഗക്ക് കുട്ടികളെ ബോധ്യപ്പെടുത്താനായി. നമ്മുടെ ചിന്തകളെ എങ്ങനെ ക്രിയാത്മകമായി മാറ്റാം എന്നതിനെക്കുറിച്ചുള്ള ചിന്തകളാണ് അബ്ദുൽഅസീസ് തങ്കയത്തിൽ പകർന്നു നൽകിയത്. ഒരു ക്ലൂവിൽനിന്ന് മറ്റൊരു ക്ലൂവിലേക്ക് പ്രയാണം നടത്തി അവസാനം ലക്ഷ്യം നേടാനുള്ള കഴിവുകളെ പരിപോഷിപ്പിക്കാൻ സഹായകമായ ട്രഷർ ഹണ്ടിംഗ് കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉന്മേഷം പകർന്നു. ഇതേസമയംതന്നെ ജൂനിയർ കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുന്നതിനും ക്യാമ്പ് അവസരമൊരുക്കി. കൃഷി പരീക്ഷിക്കാൻ ആവശ്യമായ തൈകളും വിത്തുകളും വിതരണം ചെയ്തു. ഇതോടൊപ്പം മാനസിക സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനാവശ്യമായ നിർദേശങ്ങളുമായി സജി കുര്യാക്കോസും പങ്കുചേർന്നു. രാത്രി ഏറെ വൈകി നടന്ന ക്യാമ്പ് ഫയറിനൊപ്പം ഐ.ഐ.എസ്.ജെ മ്യൂസിക് ക്ലബിന്റെ വക സംഗീത വിരുന്നും ക്യാമ്പ് അംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ച് അരുവി മോങ്ങത്തിന്റെ ലൈവ് പെയിന്റിംഗും നടന്നു. 
പിറ്റേന്ന് പുലർച്ചെ യോഗയോടു കൂടിയായിരുന്നു രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിച്ചത്. യോഗ ഗുരു നാദിർ സാക്കി മനസ്സിനെ നിയന്ത്രിച്ച് ആരോഗ്യത്തെ എങ്ങനെ സമ്പന്നമാക്കാം എന്നതിനെ കുറിച്ചുള്ള അവബോധം കുട്ടികൾക്ക് പകർന്നു. ഇതോടൊപ്പം കലം ഉടയ്ക്കൽ, വടംവലി, ഹാൻഡ് ബാൾ,  റിംഗ് പാസിംഗ് തുടങ്ങിയ കായിക പരിപാടികളും അരങ്ങേറി. തുടർന്ന് പ്രോബ്ലം സോൾവിംഗ് എന്ന വിഷയത്തിൽ ഷഹ്ദാദ് അബ്ദുറഹ്മാനും ഡിസിഷൻ മേക്കിംഗിൽ  മുഹമ്മദ് അഫ്‌നാസും എംപതിയെക്കുറിച്ച് സാജിദ് അഹമ്മദ് പാർക്കലും   ക്ലാസുകളെടുത്തു.
കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും കുടുംബ ഭദ്രതക്ക് അവബോധം അനിവാര്യമാണെന്ന തിരിച്ചറിവിന്റെ ഫലമായി ഇഫക്ടീവ് പാരന്റിംഗ് വിഷയത്തിൽ ഷഹ്ദാദ് അബ്ദുറഹ്മാൻ നയിച്ച ക്ലാസ് രക്ഷിതാക്കളുടെ സംവാദമായി മാറി.  


തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിൽ രണ്ടു ദിനരാത്രങ്ങൾ ചെലവഴിച്ചതിന്റെ ഓർമ്മ എന്നെന്നും  മനസിൽ സൂക്ഷിക്കുന്നതിനായി ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും മത്സരത്തിലെ വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകിയാണ് ക്യാമ്പിന് തിരശ്ശീല വീണത്. ജനറൽ സെക്രട്ടറി ഷജീറിൻെറ നന്ദി പ്രകാശനത്തോടെ ആയിരുന്നു പര്യവസാനം. സ്വഭാവ രൂപീകരണത്തിലും പെരുമാറ്റത്തിലും കാതലായ മാറ്റം സൃഷ്ടിക്കാൻ സഹായകമായിരുന്നു ദ്വിദിന ക്യാമ്പെന്ന വിലയിരുത്തലുമായാണ് കുട്ടികൾ വിടപറഞ്ഞത്.  മുഹമ്മദ് ബൈജു, സലാഹ് കാരാടൻ, ജാഫർ ഖാൻ, യൂനുസ്, അഷ്‌റഫ് അഞ്ചാലൻ, ഉണ്ണി മേനോൻ, ഹിജാസ്, ബഷീർ പരുത്തിക്കുന്നൻ, നാസർ ഫറോഖ്, ലത്തീഫ് മൊഗ്രാൽ, ഇഖ്ബാൽ, ബഷീർ അച്ചമ്പാട്ട്, റിയാസ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.


 

Latest News