Sorry, you need to enable JavaScript to visit this website.

ചരിത്രം തുടിക്കുന്ന ത്വൻതൂറ ഫെസ്റ്റിവൽ

ത്വൻതൂറ വിന്റർ ഫെസ്റ്റിവൽ സന്ദർശകർ

പൈതൃകവും സംസ്‌കാരവും സന്ധിക്കുന്ന ത്വൻതൂറ വിന്റർ ഫെസ്റ്റിവൽ സൗദിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫെസ്റ്റിവലാണ്. മദീന പ്രവിശ്യയിലെ അൽഉലയിൽ നടന്നുവരുന്ന ത്വൻതൂറ ഫെസ്റ്റിവലിന് ഡിസംബർ 20 ന് തുടക്കമായി. ഫെസ്റ്റിവൽ ഫെബ്രുവരി ഏഴു വരെ നീണ്ടുനിൽക്കും.  

സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെയും പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമായി, വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളർച്ചക്ക് വലിയ ശ്രദ്ധയും പ്രാധാന്യവുമാണ് സൗദി ഭരണാധികാരികൾ നൽകുന്നത്. 
സൗദി വിനോദ സഞ്ചാരികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് കുറക്കുന്നതിനും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളും പൈതൃകങ്ങളും ചരിത്രവും അറിയുന്നതിനും നയനാന്ദകരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ആസ്വദിക്കുന്നതിനും സ്വദേശികളെയും രാജ്യത്ത് കഴിയുന്ന വിദേശികളെയും പ്രേരിപ്പിക്കുന്നതിനും രാജ്യത്തേക്ക് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് നിരവധി പദ്ധതികളും ഫെസ്റ്റിവലുകളും അടുത്ത കാലത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് ത്വൻതൂറ വിന്റർ ഫെസ്റ്റിവൽ. 


പൈതൃകവും സംസ്‌കാരവും സന്ധിക്കുന്ന ത്വൻതൂറ വിന്റർ ഫെസ്റ്റിവൽ സൗദിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫെസ്റ്റിവലാണ്. മദീന പ്രവിശ്യയിലെ അൽഉലയിൽ നടന്നുവരുന്ന ത്വൻതൂറ ഫെസ്റ്റിവലിന് ഡിസംബർ 20 ന് തുടക്കമായി. ഫെസ്റ്റിവൽ ഫെബ്രുവരി ഏഴു വരെ നീണ്ടുനിൽക്കും. ശിലാ നിർമിതികളാൽ പ്രശസ്തമായ ചരിത്രപ്രധാനമായ പ്രാചീന പ്രദേശത്താണ് പ്രഥമ ത്വൻതൂറ വിന്റർ ഫെസ്റ്റിവൽ നടക്കുന്നത്. വൈവിധ്യമാർന്ന കലാ, സാംസ്‌കാരിക, പൈതൃക, വാണിജ്യ, ടൂറിസം പരിപാടികൾക്ക് ഈ ദിവസങ്ങളിൽ ത്വൻതൂറ ഫെസ്റ്റിവൽ സാക്ഷ്യംവഹിക്കുന്നു. ഫെസ്റ്റിവലിന്റെ പേരിൽ വെബ്‌സൈറ്റും സാമൂഹികമാധ്യമങ്ങളിൽ പ്ലാറ്റ്‌ഫോമുകളും ആരംഭിച്ചിട്ടുണ്ട്. ഓരോ വാരാന്ത്യവും നടക്കുന്ന കലാപരിപാടികളുടെ സമയം ഇതിൽ നിർണയിച്ചിട്ടുണ്ട്. ലോക പ്രശസ്ത സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന സംഗീത പരിപാടികളാണ് ത്വൻതൂറ ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. 


അൽഉലയിലെ പുരാതന കെട്ടിടത്തിനു മുകളിൽ പിരമിഡ് രൂപത്തിലുള്ള സൂര്യഘടികാരമാണ് ത്വൻതൂറ എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് സൂചിപ്പിച്ചാണ് ഫെസ്റ്റിവലിന് ത്വൻതൂറ എന്ന് നാമകരണം ചെയ്തത്. കാർഷിക സീസൺ ആരംഭിക്കുന്നതും ഋതുഭേദങ്ങളും സമയവും അറിയുന്നതിന് പുരാതന കാലത്ത് പ്രദേശവാസികളെ സഹായിച്ചിരുന്നത് ത്വൻതൂറയായിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു മുതൽ സമയം അറിയുന്നതിന് ത്വൻതൂറയെ പ്രദേശവാസികൾ അവലംബിച്ചിരുന്നു. എല്ലാ വർഷവും ഡിസംബർ 22 ന് ശൈത്യകാലം പ്രവേശിക്കുന്നത് ദർശിക്കുന്നതിന് അൽഉലയിലെ ആബാലവൃദ്ധം ജനങ്ങൾ അൽത്വൻതൂറയിൽ സമ്മേളിക്കുന്നു. ത്വൻതൂറക്കു മുന്നിൽ മണ്ണിലുള്ള പ്രത്യേക അടയാളത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് നിഴൽ എത്തുക. വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലായിരിക്കും ഇത്. ത്വൻതൂറയുടെ നിഴൽ അടയാളത്തിൽ എത്തിയാൽ അതിനർഥം ശൈത്യകാലത്തിന് തുടക്കമായിരിക്കുന്നു എന്നാണ്. കൃഷിയിടങ്ങളിലേക്കുള്ള തിരിച്ചുപോക്കിൽ ആഹ്ലാദം പങ്കുവെക്കുന്നതിനും പരസ്പരം ആശംസകൾ കൈമാറുന്നതിനും പ്രദേശവാസികൾ ത്വൻതൂറയിൽ സമ്മേളിക്കുന്നത് പതിവായിരുന്നു. നൂറു കണക്കിന് വർഷം മുമ്പാണ് ഇത് നിർമിച്ചതെന്ന് പറയപ്പെടുന്നു. ഇതിന് റോമൻ കാലഘട്ടത്തോളം പഴക്കമുണ്ടെന്ന് ചില പുസ്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് എന്നാണ് നിർമിച്ചത് എന്ന് കൃത്യമായി നിർണയിക്കുന്നതിന് അൽഉല നിവാസികൾക്കോ ചരിത്രകാരന്മാർക്കോ സാധിക്കുന്നില്ല. 


കലകളുടെയും സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും തുറന്ന മ്യൂസിയമായ അൽഉല യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. അറേബ്യൻ ഉപദ്വീപിന്റെ ഉത്തര ഭാഗത്ത് പുരാവസ്തുക്കളുടെ കേളീകേന്ദ്രവും നിരവധി നാഗരിക സംസ്‌കാരങ്ങളുടെ സംഗമഭൂമിയുമാണ് അൽഉല. മദീനക്ക് വടക്ക് 300 കിലോമീറ്റർ ദൂരെയാണ് അൽഉല. സമ്പന്നമായ പ്രകൃതി അൽഉലയുടെ പ്രത്യേകതയാണ്. അൽഉലയിലെ വഴികളിൽ സമാനമാതയില്ലാത്തതും കലർപ്പില്ലാത്തതുമായ പൈതൃകവും സാംസ്‌കവും ചരിത്രവും സമ്മേളിക്കുന്നു.
ഫലഭൂയിഷ്ഠമായ വാദി അൽഖുറ അൽഉലയുടെ മധ്യത്തിലൂടെയാണ് കടന്നുപോകുന്നത്. വടക്കു നിന്ന് തെക്കോട്ടു നീണ്ടുകിടക്കുന്ന വാദിക്ക് പർവതങ്ങളും സമതലങ്ങളും അതിരിടുന്നു. ദാദാൻ സാമ്രാജ്യം അടക്കം നിരവധി സംസ്‌കാരങ്ങളുടെ വാസസ്ഥലമായിരുന്ന വാദിയിൽ ആ സംസ്‌കാരങ്ങളുടെ ശേഷിപ്പുകൾ ഇന്നും ചരിത്രത്തിന് സാക്ഷിയായ അടയാളമെന്നോണം നിലനിൽക്കുന്നു. സൗദിയിലെ പുരാവസ്തു രത്‌നം എന്നോണം വിശേഷിപ്പിക്കപ്പെടുന്ന അൽഉല ചിരപുരാതന നാഗരികതകളുടെ സംഗമകേന്ദ്രമാണ്. 


ബി.സി ഒന്നാം നൂറ്റാണ്ടു മുതൽ ലോക വാണിജ്യ പാതയിലെ പ്രധാന ഇടത്താവളമായിരുന്നു അൽഉല. നാഗരിക സംസ്‌കാരങ്ങളുടെ സംഗമ കേന്ദ്രമെന്നോണം ചരിത്രത്തിൽ അൽഉല സ്വന്തം പങ്ക് വഹിച്ചിട്ടുണ്ട്. അറേബ്യൻ ഉപദ്വീപിന്റെ തെക്കു ഭാഗത്തെ വടക്കു ഭാഗവുമായും ഈജിപ്തിലെയും സിറിയയിലെയും ഇറാഖിലെയും പുരാതന നാഗരികതകളുമായും ബന്ധിപ്പിക്കുന്ന പുരാതന വാണിജ്യ പാതതയിലാണ് അൽഉലയുടെ സ്ഥാനം. വ്യത്യസ്ത ചരക്കുകൾ കൈമാറ്റം ചെയ്യപ്പെടുന്ന ലോക കേന്ദ്രങ്ങളെന്നോണമാണ് പുരാതന കാലത്ത് അൽഉലയിലെ നഗരങ്ങളും മരുപ്പച്ചകളും പ്രവർത്തിച്ചിരുന്നത്. 


ഇന്ന് സൗദിയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് അൽഉല. ആയിരക്കണക്കിന് വർഷം പഴക്കമുള്ള പുരാവസ്തുക്കളും മനോഹരമായ പ്രകൃതിദത്ത അടയാളങ്ങളും ഇവിടെക്ക് സന്ദർശകരെ ആകർഷിക്കുന്നു. ലോകത്തെ സംരക്ഷിക്കപ്പെടുന്ന ഏറ്റവും മികച്ച പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് അൽഉല. പുരാതന കാലത്ത് മനുഷ്യൻ കൈവരിച്ച പുരോഗതിക്കും മഹത്വത്തിനുമുള്ള സാക്ഷിയാണ് ഇവിടുത്തെ പുരാവസ്തുക്കൾ. പ്രദേശത്തെ പ്രകൃതിയുമായി പുരാതന നാഗരികതൾ എങ്ങിനെ സമരസപ്പെട്ടു പോയി എന്നും ഇവിടുത്തെ പുരാവസ്തുക്കൾ ബോധ്യപ്പെടുത്തുന്നു. കടുത്ത മരുഭൂ കാലാവസ്ഥയുമായി പോരടിക്കുന്നതിന് വ്യത്യസ്ത കാർഷിക സാങ്കേതികവിദ്യകൾ പുരാതന കാലത്ത് പ്രദേശവാസികൾ കണ്ടുപിടിച്ചെന്ന് പുരാവസ്തുക്കൾ സന്ദർശകരോട് മന്ത്രിക്കുന്നു. 


കളിമണ്ണ് ഉപയോഗിച്ച് നിർമിച്ച പഴയ വീടുകളുടെ നിരകൾ അടങ്ങിയ പുരാതന അൽഉലയും മദായിൻ സ്വാലിഹും ദാദാൻ സാമ്രാജ്യവും മനോഹരമായ എൻജിനീയറിംഗ് രീതിയിൽ നിർമിച്ച 21 ഖബറുകൾ അടങ്ങിയ അൽഖുറൈബയിലെ അൽഅസൂദ് ഖബർസ്ഥാനും അൽഉലയിലെ പ്രധാന ആകർഷണങ്ങളാണ്. വാദി അൽഉലയിലെ ഏറ്റവും പ്രശസ്തമായ മറ്റൊരു കേന്ദ്രമാണ് ജബൽ അൽഫീൽ (ആന മല). 400 കല്ലുകൾ ഉപയോഗിച്ച് നിർമിച്ച ഹറത് ഉവൈരിദ് ഗെയ്റ്റ് ആണ് അൽഉലയിലെ മറ്റൊരു ആകർഷണം. പുരാതന കാലത്ത് മൃഗങ്ങളെ കെണിയിൽ കുടുക്കുന്നതിനാണ് ഈ ഗെയ്റ്റ് ഉപയോഗിച്ചിരുന്നത്. ദീദാൻ, നബാതിയൻ, ലഹ്‌യാനി നാഗരികതകളുടെയും സാമ്രാജ്യങ്ങളുടെയും നിരവധി പുരാവസ്തുക്കൾ അൽഉലയിലുണ്ട്. 


അൽഉല റോയൽ കമ്മീഷനാണ് ത്വൻതൂറ വിന്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ അൽഉലയിൽ സംഘടിപ്പിക്കുന്ന വിന്റർ ഫെസ്റ്റിവലിലൂടെ അൽഉലയിലെ അത്ഭുതങ്ങൾ ലോകത്തെ പരിചയപ്പെടുത്തുന്നതിനാണ് ശ്രമം. ജീവിതം, സംസ്‌കാരം, പൈതൃകം, സൗന്ദര്യം എന്നിവയുടെ ആഘോഷമാണ് ത്വൻതൂറ വിന്റർ ഫെസ്റ്റിവൽ. ആഘോഷത്തിൽ പങ്കെടുക്കുന്ന സന്ദർശകർക്ക് അൽഉലയിലെ പുരാവസ്തു, പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് കഴിയും. നിലവിൽ പുനരുദ്ധാരണ ജോലികൾക്ക് അടച്ചിട്ട അൽഉലയിലെ മദായിൻ സ്വാലിഹ് അടക്കമുള്ള പുരാവസ്തു, പൈതൃക കേന്ദ്രങ്ങൾ പ്രത്യേകം ടിക്കറ്റെടുക്കുന്ന, തെരഞ്ഞെടുത്ത ഗ്രൂപ്പുകൾക്കു മുന്നിൽ മാത്രമാണ് തുറന്നുകൊടുക്കുന്നത്. അൽഉല നിവാസികളുടെ കരകൗശല നിർമാണ കലയും പരമ്പരാഗത, പ്രാദേശിക ഭക്ഷണങ്ങളുടെ രുചിഭേദങ്ങൾ അടുത്തറിയുന്നതിനും കൂറ്റൻ പാറകളിൽ കൊത്തിയുണ്ടാക്കിയ പുരാവസ്തുക്കൾ കാണുന്നതിനും യാത്രകൾ സന്ദർശകരെ സഹായിക്കുന്നു. 2008 ലാണ് മദായിൻ സ്വാലിഹ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്. 


ആയിരക്കണക്കിന് വർഷങ്ങളോളം പഴക്കമുള്ള സമ്പന്നവും പ്രാചീനവുമായ പൈതൃകത്തിന്റെ പ്രതിഫലനമായാണ് ത്വൻതൂറ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കൃഷി, ഗോളശാസ്ത്രം, നിർമാണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പുരാതന കാലം മുതൽ അൽഉല സമൂഹം കൈവരിച്ച പുരോഗതിക്ക് സാക്ഷ്യപത്രമെന്നോണം ചരിത്ര, സാംസ്‌കാരിക ആഴം ലോകത്തിനു മുന്നിൽ ഫെസ്റ്റിവൽ അനാവരണം ചെയ്യുന്നു. ത്വൻതൂറ ഫെസ്റ്റിവലിനെ കുറിച്ച് അറിയിക്കുന്ന ഫോട്ടോകളും ഹ്വസ്വഫിലിമുകളും ഫെസ്റ്റിവൽ സംഘാടകർ പുറത്തുവിട്ടിട്ടുണ്ട്. 
ഫെസ്റ്റിവലിന്റെ പ്രധാന കേന്ദ്രമെന്നോണം നിർമിച്ച അൽമറായ തിയേറ്ററിൽ വെച്ചാണ് പ്രഥമ ത്വൻതൂറ ഫെസ്റ്റിവലിന് തുടക്കമായത്. രൂപകൽപനയിലും എൻജിനീയറിംഗിലും വിശിഷ്ടമായ കലാസൃഷ്ടിയായ, 500 പേർക്ക് വിശാലമായ അൽമറായാ തിയേറ്ററിൽ ലോക പ്രശസ്തരായ എട്ടു സംഗീത പ്രതിഭകൾ ഇത്തവണ ശൈത്യകാലത്ത് ഏഴാഴ്ചക്കിടെ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. നാടകങ്ങളും കുതിരയോട്ട മത്സരവും ഫെസ്റ്റിവലിനിടെ അരങ്ങേറുന്നുണ്ട്.


പ്രശസ്ത അറബ് ഗായകരായ മുഹമ്മദ് അബ്ദുവിന്റെയും മാജിദ അൽറൂമിയുടെയും സംഗീത പരിപാടികൾ ഇതിനകം ത്വൻതൂറ ഫെസ്റ്റിവലിൽ നടന്നു. ഇരുവരുടെയും സംഗീത പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇരുപതു വിഭാഗം ടിക്കറ്റുകളാണുണ്ടായിരുന്നത്. മധ്യപൗരസ്ത്യദേശത്ത് ആദ്യമായാണ് ഒരു സംഗീത പരിപാടിക്ക് ഇരുപതു വിഭാഗം ടിക്കറ്റുകൾ പുറത്തിറക്കുന്നത്. 712 റിയാൽ മുതൽ 21,400 റിയാൽ വരെയായിരുന്നു ടിക്കറ്റ് നിരക്കുകൾ. 
ഡിസംബർ 21 ന് ആയിരുന്നു മുഹമ്മദ് അബ്ദുവിന്റെ സംഗീത വിരുന്ന്. ഡിസംബർ 28 ന് മാജിദ അൽറൂമിയുടെ ഗാനമേള നടന്നു. ഫ്രഞ്ച് ക്ലാസിക്കൽ വയലിനിസ്റ്റ് റിനോഡ് കാപുസൊൻ ജനുവരി നാലിന് വയലിനിൽ മാന്ത്രിക സംഗീതം തീർത്തു. ജനുവരി 11 ന് ലോക പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായയ ഈജിപ്തുകാരൻ ഉമർ ഖൈറത് പരിപാടി അവതരിപ്പിക്കും.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ, പ്രശസ്തനായ ചൈനീസ് പിയാനിസ്റ്റ് ലാംഗ് ലാംഗ് ജനുവരി 18 നും മിഡിൽ ഈസ്റ്റിന്റെ സംഗീത താരകം ഉമ്മുകുൽസൂമിന്റെ ഗാനങ്ങൾ ഹോളോഗ്രാം സാങ്കേതികവിദ്യയിൽ ജനുവരി 25 നും അരങ്ങേറും. ഉമ്മുകുൽസൂമിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ് ആലപിക്കപ്പെടുക. ഇറ്റാലിയൻ ഗായകൻ ആൻഡ്രിയ ബോസെലി ഫെബ്രുവരി ഒന്നിനും ഗ്രീക്ക് സംഗീത പ്രതിഭ യാനി ഫെബ്രുവരി എട്ടിനും പരിപാടികൾ അവതരിപ്പിക്കും.   
വിദേശ വിനോദ സഞ്ചാരികൾക്ക് സൗദി അറേബ്യ ഇപ്പോൾ വിസ അനുവദിക്കുന്നതിന് തുടങ്ങിയിട്ടുണ്ട്. ഇരുപത്തിയഞ്ചു രാജ്യങ്ങൾ അടങ്ങിയ ഷെൻഗൻ ഗ്രൂപ്പ് രാജ്യക്കാർക്കു പുറമെ, അമേരിക്ക, ജപ്പാൻ, ചൈന, സിങ്കപ്പൂർ, മലേഷ്യ, ബ്രൂണൈ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യക്കാർക്കെല്ലാം എളുപ്പത്തിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നുണ്ട്. 
 

Latest News