കവി, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, അറബിക് ഭാഷാ നിപുണൻ എന്നീ നിലകളിൽ പ്രസിദ്ധനായ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഉത്തർ പ്രദേശ് അസംഗഢ് സ്വദേശി ഡോ. ഹിഫ്‌സുറഹ്മാൻ. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹജ് വിഭാഗത്തിന്റെ ചുമതലയുള്ള സമയത്ത് ഇന്ത്യയിൽ നിന്നുള്ള നിരവധി തീർഥാടകരെ സഹായിക്കാനും മലയാളികളുൾപ്പെടെയുള്ള പ്രായം ചെന്ന ഹാജിമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാർഥ്യം ഈ അമ്പത്തൊന്നുകാരൻ കഴിഞ്ഞ ദിവസം അയവിറക്കി.
ദൽഹി ജാമിഅ മില്ലിയ സർവകലാശാലാ വിദ്യാഭ്യാസത്തിനു ശേഷം 2001 ൽ ഇന്ത്യൻ വിദേശകാര്യ സർവീസിലെത്തിയ ഹിഫ്‌സുറഹ്മാനായിരിക്കും ഇനി സിറിയയിലെ നമ്മുടെ രാജ്യത്തിന്റെ സ്ഥാനപതി. ഏറെ വെല്ലുവിളി നിറഞ്ഞ ഈ ചുമതല ഏറ്റെടുക്കുമ്പോഴും വിശ്വപൗരൻ എന്ന ഡിപ്ലോമാറ്റിക് സങ്കൽപത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് അദ്ദേഹം മലയാളം ന്യസിനോട് പറഞ്ഞു. 2005 വരെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലായിരുന്ന ഹിഫ്‌സുറഹ്മാൻ 2011 മുതൽ മൂന്നു വർഷം റിയാദ് ഇന്ത്യൻ എംബസിയില് ഹെഡ് ഓഫ് ചാൻസറിയായും തുടർന്ന് ഫസ്റ്റ് സെക്രട്ടറിയാവുകയും ചെയ്തു. സൗദിയിലെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകളുടെയും നിരീക്ഷക പദവിയും ഇക്കാലത്ത് അദ്ദേഹത്തിനായിരുന്നു. അറബിക് ഭാഷാസാഹിത്യത്തിൽ സ്വർണ മെഡൽ നേടിയിട്ടുള്ള ഹിഫ്‌സുറഹ്മാൻ നിരവധി പുസ്തകങ്ങളെഴുതുകയും പരിഭാഷകൾ നിർവഹിക്കുകയും ചെയ്തു.
ഇന്ത്യൻ നേതാക്കൾ സൗദി പര്യടനം നടത്തുമ്പോഴും സൗദി നേതാക്കൾ ഇന്ത്യൻ പര്യടനം നടത്തുമ്പോഴും ദ്വിഭാഷിയാകാറുള്ളത് ഹിഫ്‌സുറഹ്മാനാണ്. 2010 ൽ പ്രധാനമന്ത്രി
ഡോ. മൻമോഹൻസിംഗ്, 2016 ൽ പ്രധാനമന്ത്രി നരേന്ദ്രമോഡി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുടെ സൗദി സന്ദർശനത്തിലെ പരിഭാഷകനായും സേവനമനുഷ്ഠിച്ചു. ഇത് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിയിൽ പൊൻതൂവലുകളാണ് ചാർത്തിയത്. സൗദി ഗവൺമെന്റ് പ്രസിദ്ധമായ ജനാദ്രിയ ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷം ഇന്ത്യയെ അതിഥി രാജ്യമായി തെരഞ്ഞെടുത്തതിൽ അംബാസഡർ ഡോ. അഹമ്മദ് ജാവേദും ഡോ. ഹിഫ്‌സുറഹ്മാനും സുപ്രധാനമായ പങ്ക് വഹിച്ചു. അബ്ദുല്ലാ രാജാവിന്റെ ഇന്ത്യാ സന്ദർശനം അവിസ്മരണീയാനുഭവമായിരുന്നുവെന്നും ഹിഫ്‌സുറഹ്മാൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നിന്ന് റിയാദിലെ ജനാദ്രിയ ഉൽസവത്തിൽ പങ്കെടുക്കുന്നതിന് അതിഥികളായും കലാകാരന്മാരായും എത്തേണ്ട 500 പേർക്കുള്ള വിസ ഒറ്റ ദിവസം കൊണ്ടാണ് സൗദി എംബസി അനുവദിച്ചതെന്ന് ഹിഫ്‌സുറഹ്മാൻ ചൂണ്ടിക്കാട്ടി. അപേക്ഷിച്ച എല്ലാവരുടേയും വിസാ നടപടിക്രമങ്ങൾ വളരെപ്പെട്ടെന്നാണ് ഡൽഹിയിലെ സൗദി എംബസി അനുവദിച്ചത്. മുശായിറകളിൽ (കവി സദസ്സ്) നിരവധി ഇന്ത്യൻ കവികളെ പങ്കെടുപ്പിക്കുന്നതിനും ഇന്ത്യ-സൗദി സാംസ്‌കാരിക വിനിമയ പരിപാടികളിലൂടെ ഇരുരാജ്യങ്ങളുടേയും സമ്പന്നമായ പൈതൃകങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുമുള്ള അവസരങ്ങളും ലഭിച്ചു. ഈ പ്രവർത്തനങ്ങൾക്കൊക്കെ ഹിഫ്‌സുറഹ്മാനും സഹപ്രവർത്തകരും മികച്ച സേവനമാണ് അനുഷ്ഠിച്ചത്.
അറബ് വസന്തത്തെത്തുടർന്നുണ്ടായ സംഘർഷ കാലത്ത് തുനീഷ്യയിൽ നിന്നുള്ള 3500 ഇന്ത്യക്കാരെ ഒഴിപ്പിക്കാനും പിന്നീട് യെമനിലെ യുദ്ധസമയത്ത് മൂവായിരത്തോളം ഇന്ത്യക്കാരെ അവിടെ നിന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കാനുമുള്ള ടീമിന്റെ മേൽ നോട്ടം കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏൽപ്പിച്ചത് ഡോ. ഹിഫ്‌സുറഹ്മാനെയായിരുന്നു.
തുനീഷ്യയിലും യെമനിലും ഈ ജോലി കൃത്യതയോടെയും ഭംഗിയായും നിർവഹിക്കാൻ സാധിച്ചതിന്റെ സംതൃപ്തി അദ്ദേഹം പങ്ക് വെച്ചു. (ഭാര്യയുടെ സർജറി റിയാദ് ആശുപത്രിയിൽ നടക്കുമ്പോഴാണ് ഡൽഹിയിൽ നിന്നുള്ള ഉത്തരവ് ലഭിച്ചതെന്നും പിറ്റേ ദിവസം തന്നെ യെമൻ തലസ്ഥാനമായ സനയിലെത്തി ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെടേണ്ടി വരികയാണുണ്ടായതെന്നും ഹിഫ്‌സു റഹ്മാൻ ഓർക്കുന്നു).
അറേബ്യൻ പെനിൻസുലയിൽ ഇന്ത്യൻ നയതന്ത്രശോഭ പരത്തുന്നതിന്റെ പുതിയൊരു ഘട്ടമാണ് തന്റെ ഡിപ്ലോമാറ്റിക് ജീവിതത്തിൽ കൈവന്നിട്ടുള്ളതെന്നും സംഘർഷനിർഭരമെങ്കിലും ആഴത്തിൽ വേരോടി നിൽക്കുന്ന സംസ്‌കാരത്തിന്റെ പൈതൃകഭൂമിയായ സിറിയിൽ ഇന്ത്യൻ അംബാസഡറായുള്ള ഈ നിയോഗത്തിൽ അല്ലാഹുവിനെ സ്തുതിക്കുന്നുവെന്നും ഡോ. ഹിഫ്‌സുറഹ്മാൻ പറഞ്ഞു. മാർച്ച് ഒന്നിനായിരിക്കും ദമാസ്‌കസിൽ ഇന്ത്യൻ സ്ഥാനപതിയായി ഇദ്ദേഹം ചുമതലയേൽക്കുക. ജിദ്ദയിലെ ഇന്ത്യൻ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഡോ. ഹിഫ്‌സുറഹ്മാന് കഴിഞ്ഞ ദിവസം യാത്രയയപ്പ് നൽകി. ഡാനിഷ് അലി, അറബ് ന്യൂസ് മാനേജിംഗ് എഡിറ്റർ സിറാജ് വഹാബ്, സൗദി ഗസറ്റ് മാനേജിംഗ് എഡിറ്റർ എൽ. റാംനാരായണൻ, ആരിഫ് ഖുറേഷി തുടങ്ങിയവർ സംസാരിച്ചു.