റഫ്ഹ - റഫ്ഹ ബലദിയക്കു സമീപം കാറിൽ വെച്ച് ആകാശത്തേക്ക് നിറയൊഴിച്ച പ്രതിയെ അറസ്റ്റ് ചെയ്തതായി റഫ്ഹ പോലീസ് അറിയിച്ചു. കാർ ഡ്രൈവർ ആകാശത്തേക്ക് നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രിൻസ് അബ്ദുൽ അസീസ് ബിൻ മുസാഅദ് സ്ട്രീറ്റിൽ വെച്ചാണ് കാർ ഡ്രൈവർ യന്ത്രത്തോക്ക് ഉപയോഗിച്ച് അലക്ഷ്യമായി ആകാശത്തേക്ക് നിറയൊഴിച്ചത്. വീഡിയോ ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ട് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് സാധിച്ചു. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഉത്തര അതിർത്തി പ്രവിശ്യ പോലീസ് വക്താവ് കേണൽ ഉവൈദ് മഹ്ദി പറഞ്ഞു.