തിരുവനന്തപുരം- കേരളത്തിൽ ബോധപൂർവ്വം കലാപമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും ആർ.എസ്.എസും ചേർന്നാണ് കലാപമുണ്ടാക്കുന്നത്. കോൺഗ്രസ് എവിടെയും അക്രമം നടത്തിയിട്ടില്ല. സാധാരണഗതിയിൽ കലാപമുണ്ടായാൽ അത് ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. എന്നാൽ അതിന് പകരം പ്രകോപനപരമായാണ് മുഖ്യമന്ത്രി മുന്നോട്ട് നീങ്ങുന്നത്. ഇത് കേരളത്തിൽ മനപൂർവം കലാപമുണ്ടാക്കാൻ വേണ്ടിയാണ്. നാല് എസ്.പിമാർ തന്റെ നിർദ്ദേശം അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞത് ഡി.ജി.പിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.