റിയാദ് - ഈ വർഷത്തെ കിംഗ് ഫൈസൽ അന്താരാഷ്ട്ര അവാർഡുകൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും കിംഗ് ഫൈസൽ ഫൗണ്ടേഷൻ സി.ഇ.ഒയുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ബുധനാഴ്ച പ്രഖ്യാപിക്കും. ഫൈസലിയ ഹോട്ടലിലെ പ്രിൻസ് സുൽത്താൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകരുടെയും സാംസ്‌കാരിക നായകരുടെയും സാന്നിധ്യത്തിലാണ് നാൽപത്തിയൊന്നാമത് കിംഗ് ഫൈസൽ അന്താരാഷ്ട്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുക.
ഇസ്‌ലാമിക സേവനം, അറബി ഭാഷ-സാഹിത്യം, മെഡിസിൻ, സയൻസ് വിഭാഗങ്ങളിലെ അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കാൻ അവാർഡ് സെലക്ഷൻ കമ്മിറ്റികൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ യോഗം ചേരുമെന്ന് കിംഗ് ഫൈസൽ അവാർഡ് ജനറൽ സെക്രട്ടറിയേറ്റ് അറിയിച്ചിട്ടുണ്ട്. കിംഗ് ഫൈസൽ ഫൗണ്ടേഷൻ സി.ഇ.ഒ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ഇസ്‌ലാമിക സേവന വിഭാഗം കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേർന്ന് ഇസ്‌ലാമിക സേവന വിഭാഗം വിജയിയെ തെരഞ്ഞെടുക്കും.
വ്യക്തിപരമായ നാമനിർദേശങ്ങളും രാഷ്ട്രീയ കക്ഷികളുടെ നാമനിർദേശങ്ങളും അവാർഡ് കമ്മിറ്റി സ്വീകരിക്കില്ലെന്ന് ജനറൽ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റികൾ, ഗവേഷണ കേന്ദ്രങ്ങൾ, ശാസ്ത്ര സ്ഥാപനങ്ങൾ, അതോറിറ്റികൾ എന്നിവ സമർപ്പിക്കുന്ന നാമനിർദേശങ്ങൾ മാത്രമാണ് പരിഗണിക്കുക. അവാർഡിന് നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തികൾ ജീവിച്ചിരിക്കുന്നവരായിരിക്കണമെന്നും അവാർഡിന് നാമനിർദേശം ചെയ്യപ്പെടുന്ന പ്രവർത്തനങ്ങൾ മാനവ കുലത്തിന് പ്രയോജനപ്പെടുന്നതും വൈജ്ഞാനിക മേഖലക്ക് മുതൽകൂട്ടാകുന്നതും ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ലോക പ്രശസ്ത പണ്ഡിതരും ശാസ്ത്രജ്ഞരും വിദഗ്ധരും അടങ്ങിയ കമ്മിറ്റികളാണ് കിംഗ് ഫൈസൽ അവാർഡ് ജനറൽ സെക്രട്ടറിേയറ്റ് തയാറാക്കിയ വ്യവസ്ഥകൾക്ക് അനുസൃതമായി അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുക.
ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങൾ, അറബി ഭാഷ-സാഹിത്യം, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ അഞ്ച് വിഭാഗങ്ങളിലാണ് കിംഗ് ഫൈസൽ അവാർഡുകൾ നൽകിവരുന്നത്. 1979 (ഹിജ്‌റ 1399) മുതലാണ് കിംഗ് ഫൈസൽ അവാർഡുകൾ നൽകിത്തുടങ്ങിയത്. തുടക്കത്തിൽ ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങൾ, അറബ് സാഹിത്യം എന്നീ മൂന്നു വിഭാഗങ്ങളിലാണ് അവാർഡ് നൽകിയിരുന്നത്. ഹിജ്‌റ 1402 ൽ വൈദ്യശാസ്ത്ര മേഖലയിലും 1403 ൽ ശാസ്ത്ര മേഖലയിലും പുരസ്‌കാരങ്ങൾ നൽകാൻ തുടങ്ങി. സർട്ടിഫിക്കറ്റും 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണ മെഡലും രണ്ട് ലക്ഷം ഡോളറുമാണ് അവാർഡ് ജേതാക്കൾക്ക് ലഭിക്കുക.