Sorry, you need to enable JavaScript to visit this website.

അഞ്ചു മേഖലകളിൽ തിങ്കളാഴ്ച  മുതൽ സൗദിവൽക്കരണം;  കൂടുതല്‍ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും

റിയാദ് - സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ അഞ്ചു മേഖലകളിൽ സൗദിവൽക്കരണം നിർബന്ധമാക്കും. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളാണ് നാളെ മുതൽ സൗദിവൽക്കരണത്തിന്റെ പരിധിയിൽ വരിക. ഈ വിഭാഗം സ്ഥാപനങ്ങളിൽ 70 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. ഈ വിഭാഗം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. 


പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം 2018 ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. 2018 സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളിലായി ഇത് നടപ്പാക്കുന്നതിന് തുടങ്ങി. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതലും വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ 2018 നവംബർ ഒമ്പതു മുതലും 70 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കി. 
നിലവിൽ ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണം 24 ശതമാനമാണ്. ബഖാലകൾ പോലുള്ള ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ സൗദിവൽക്കരണം പത്തു ശതമാനമാണ്. 2020 ഓടെ ചെറുകിട മേഖലയിൽ സൗദിവൽക്കരണം 24 മുതൽ 50 ശതമാനം വരെയായി ഉയർത്തുന്നതിനാണ് ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കുന്നത്. ചില്ലറ വ്യാപാര മേഖലയിൽ 70 ശതമാനം സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളാണ്. ആശ്രിത ലെവിയും സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ലെവിയും മറ്റു ഫീസുകളും സാമ്പത്തിക പരിഷ്‌കരണങ്ങളും കാരണം ചില്ലറ വ്യാപാര മേഖലയിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് നിർബന്ധിതമായേക്കുമെന്ന് വ്യവസായികൾ പറയുന്നു.

Latest News