പനാജി- അസുഖബാധിതനായി കഴിയുന്ന ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കോണ്‍ഗ്രസിന്റെ കത്ത്. റഫാല്‍ കരാറുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പരീക്കറുടെ കിടപ്പ് മുറിയിലുണ്ടെന്ന് വെളിപ്പെടുത്തുന്ന സംഭാഷണം പുറത്തുവിട്ടതിന് പിന്നാലെയാണ് ഗോവ കോണ്‍ഗ്രസ് കമ്മിറ്റി രാഷ്ട്രപതിക്ക് കത്തയച്ചത്.
റഫാല്‍ കരാറിലെ അഴിമതി തെളിയിക്കുന്ന രേഖകള്‍ പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്നവര്‍ പരീക്കറുടെ ജീവന്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കത്തില്‍ പറയുന്നു.
റഫാലിലെ സുപ്രധാന രേഖകള്‍ പരീക്കറുടെ പക്കലുണ്ടെന്ന് പറയുന്ന ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണയുടെ ശബ്ദസന്ദേശം ചൊവ്വാഴ്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പുറത്തുവിട്ടിരുന്നു. റഫാല്‍ ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ ഇത് കേള്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രമം നടത്തുകയും ചെയ്തു. ഈ രേഖകള്‍ മുന്നില്‍വെച്ച് പ്രധാനമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്താണ് പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ശബ്ദ സന്ദേശം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ആരോപണങ്ങള്‍ ബി.ജെ.പി തള്ളി.