കൽപറ്റ - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നവരെ പാർട്ടിയുടെ എല്ലാ തലങ്ങളിലും ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്. വൈൻഡ് വാലി ഹാളിൽ കോൺഗ്രസ് ലീഡേഴ്‌സ മീറ്റിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നു മുകുൾ വാസ്‌നിക് പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ പരാജയമാണ്.
നിരുത്തരവാദിത്തത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനു എൽ.ഡി.എഫും ബിജെപിയും സംസ്ഥാനത്തു അക്രമം അഴിച്ചു വിടുകയാണ്. അക്രമ രാഷ്ട്രീയക്കാരെ ജനം വെറുത്തു കഴിഞ്ഞു. ബി.ജെ.പിയുടെയും എൽ.ഡി.എഫിന്റെയും ജനവിരുദ്ധ നിലപാടുകളെ കോൺഗ്രസ് ശക്തമായി എതിർക്കും. പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിനു മാറ്റുകൂട്ടാൻ ഉതകുന്ന പ്രവർത്തനം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നേതാക്കളും പ്രവർത്തകരും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ എ.ഐ.സി.സി അധ്യക്ഷനും കെ.പി.സി.സി നേതാക്കൾക്കുമുള്ള വ്യത്യസ്ത നിലപാടുകളെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.