കൊച്ചി- ഐസ്‌ക്രീം പാർലർ കേസിൽ വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംഭവത്തിലെ ഇര റോസ്‌ലിൻ രംഗത്ത്. വീണ്ടും അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തതായി റോസ്‌ലിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസിന്റെ സത്യാവസ്ഥ വെളിയിൽ വരാൻ തങ്ങൾ നുണ പരിശോധനക്ക് വിധേയരാകാൻ തയാറാണെന്നും റോസ്‌ലിൻ പറഞ്ഞു. ഇക്കാര്യത്തിൽ മുസ്‌ലിം ലീഗിലെ പലരും തങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും റോസ്‌ലിൻ പറഞ്ഞു.
വി.എസ് അച്യുതാനന്ദൻ കോടതയിൽ ഫയൽ ചെയ്തിരിക്കുന്ന കേസിൽ കക്ഷി ചേരും. കേസിൽ രണ്ടാമത് അന്വേഷണം വന്നപ്പോൾ തങ്ങളെക്കൊണ്ട് വീണ്ടും മൊഴി മാറ്റിക്കുകയായിരുന്നുവെന്ന് റോസ്‌ലിൻ പറഞ്ഞു.
ഇതിനായി കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഒരു ലക്ഷം രൂപ പണമായും 5 ലക്ഷം രൂപ സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വീടിന്റെ ആധാരം എടുപ്പിച്ചും നൽകി. ഇപ്പോൾ റഊഫും കുഞ്ഞാലിക്കുട്ടിയുടെ ആളായി മാറിയിരിക്കുകയാണ്. പല പ്രാവശ്യം തങ്ങൾ റഊഫിനെ സമീപിച്ചുവെങ്കിലും അയാളും ഒഴിഞ്ഞു മാറുകയാണ്. ഒന്നുകിൽ കുഞ്ഞാലിക്കുട്ടി റഊഫിനെ ഭീഷണിപ്പെടുത്തി. അല്ലെങ്കിൽ റഊഫ് കുഞ്ഞാലിക്കുട്ടിക്കൊപ്പം ചേർന്നു വെന്നാണ് മനസിലാകുന്നതെന്നും റോസ്‌ലിൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും റോസ്‌ലിൻ പറഞ്ഞു.
അന്ന് കേസ് അന്വേഷിച്ച ജെയ്സൺ എബ്രഹാം തുടക്കത്തിൽ നല്ല രീതിയിൽ ആണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ പിന്നീട് ഇയാൾ പിൻമാറി. ഇതിന് കാരണം അന്നത്തെ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസിന്റെ നിർദേശമായിരുന്നുവെന്നും റോസ്‌ലിൻ ആരോപിച്ചു. കേസിന്റെ തുടക്കത്തിൽ മുന്നോട്ടു വന്ന റമീള സുഖദേവ് പിന്നീട് കുഞ്ഞാലിക്കുട്ടിയുടെ ആളായി മാറി. അവർക്ക് ഉയർന്ന ജോലിയും മറ്റു സൗകര്യങ്ങളും നൽകി. കുഞ്ഞാലിക്കുട്ടിക്കു വേണ്ടി റഊഫ് അന്ന് തന്റെ മുന്നിൽ വെച്ചാണ് 2.5 ലക്ഷം രൂപ നൽകിയതെന്നും റോസ്‌ലിൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും റോസ്‌ലിൻ പറഞ്ഞു.