Sorry, you need to enable JavaScript to visit this website.

ജിഷ്ണു മരിച്ചിട്ട് രണ്ടു വർഷം;  തേങ്ങലടങ്ങാതെ കുടുംബം


നാദാപുരം- ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം പൂർത്തിയാകുമ്പോൾ ദുരൂഹ മരണത്തിന്റെ കാരണമറിയാതെ കുടുംബം. തൃശൂർ പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളേജിലെ വിദ്യാർഥി വളയം പൂവംവയലിലെ കിണറുള്ളപറമ്പത്ത് ജിഷ്ണു പ്രണോയ് കോളേജിലെ ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. 
മരണത്തിൽ മാതാപിതാക്കളും നാട്ടുകാരും സഹപാഠികളും സംശയം പ്രകടിപ്പിച്ചിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ചെങ്കിലും പരാതി ഉയർന്നതിനെ തുടർന്ന് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. മാതാവ് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് സി.ബി.ഐ ഏറ്റെടുത്തെങ്കിലും എവിടെയുമെത്തിയില്ല. 
പരീക്ഷയിൽ കോപ്പിയടിച്ചത് കണ്ടുപിടിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്‌തെന്നാണ് കോളേജ് അധികൃതർ പറഞ്ഞത്. എന്നാൽ സാങ്കേതിക സർവകലാശാല രജിസ്ട്രാറും കൺട്രോളറും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കോപ്പി അടിച്ചെന്ന ആരോപണം ശരിയല്ലെന്ന് വ്യക്തമായതായി വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയിരുന്നു.   
2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കോളേജ് അധികൃതരുടെ പീഡനമാണ് മരണ കാണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഏറെ നീണ്ടെങ്കിലും കുടുംബത്തിന് ഇന്നും നീതി കിട്ടിയില്ലെന്നാണ് പരാതി. ഏക മകൻ നഷ്ടപ്പെട്ട നൊമ്പരം കടിച്ചമർത്തുകയാണ് മാതാപിതാക്കൾ.
കേസ് ആദ്യമന്വേഷിച്ച ലോക്കൽ പോലീസ് കോളേജ് ചെയർമാൻ കൃഷ്ണദാസ്, പ്രിൻസിപ്പൽ ശക്തിവേൽ, അധ്യാപകൻ പ്രവീൺ എന്നിവർക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകനും, മാതാവ് മഹിജയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തയച്ചു. പോലീസ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാൻ വൈകിയെന്ന പരാതിക്ക് പുറമെ പോലീസ് സർജനെന്ന് തെറ്റിദ്ധരിപ്പിച്ച് പി.ജി വിദ്യാർഥിയെ കൊണ്ട് പോസ്റ്റ്‌മോർട്ടം നടത്തിച്ചതായും പരാതി ഉയർന്നു. വ്യാജ ആത്മഹത്യാ കുറിപ്പ് ഉണ്ടാക്കിയതായും ജിഷ്ണു മരിച്ച നിലയിൽ കണ്ട മുറി സീൽ ചെയ്യാൻ തയാറായില്ലെന്നും ഡി.എൻ.എ ടെസ്റ്റിന് വേണ്ട സാമ്പിളുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. കേരള രാഷ്ട്രീയത്തിൽ ഏറെ വിവദങ്ങൾക്കിത് കാരണമായി. 
മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി ജിഷ്ണുവിന്റെ മാതാവ് മഹിജ തിരുവനന്തപുരത്ത് ഡി.ജി.പിയെ കാണാൻ പോയതും അവരുൾപ്പെടെയുള്ളവർക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗവും ഏറെ വിവാദമായി. പരിക്കേറ്റ മഹിജ ആശുപത്രിയിൽ നിരാഹാര സമരം നടത്തിയിരുന്നു. കൂടാതെ ജിഷ്ണുവിന്റെ ഏക സഹോദരി വളയത്തെ വീട്ടിലും നിരാഹാരമനുഷ്ഠിച്ചു. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് സമരം ഇരുവരും നിർത്തുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവരുമായി ഉടമ്പടി ഒന്നുമുണ്ടാക്കിയിട്ടില്ലെന്ന് സർക്കാർ പറഞ്ഞതും ഏറെ വിവാദത്തിന് തിരികൊളുത്തി. തന്റെ മകനെ ബോധപൂർവം കോളേജ് അധികൃതർ ഇല്ലായ്മ ചെയ്തതാണെന്ന് ബന്ധുക്കളുടെ ആരോപണം തുടർന്നു. ലോക്കൽ പോലീസിൽ നിന്നും സംസ്ഥാന സർക്കാർ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും പുരോഗതി ഇല്ലെന്ന് പറഞ്ഞു കുടുംബം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കുക, കേസന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി മാതാവ് മഹിജ സുപ്രീം കോടതിയിൽ കക്ഷി ചേർന്നു.  
ആദ്യം കേസ് ഏറ്റെടുക്കാൻ വിസമ്മതിച്ച സി.ബി.ഐ പിന്നീട് തയാറാവുകയായിരുന്നു. സി.ബി.ഐ ഉദ്യാഗസ്ഥർ വീട്ടിലെത്തി മൊഴിയെടുത്തതിൽ കൂടുതലൊന്നും ഇതു സംബന്ധിച്ച് അറിയില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ജിഷ്ണുവിന്റെ രണ്ടാം ചരമ വാർഷികം വിവധ പരിപാടികളോടെ നാട്ടിൽ ആചരിക്കുന്നുണ്ട്. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. 
വൈകീട്ട് ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മണ സമ്മേളനം നടക്കും. 

Latest News