റിയാദ് - സൗദിയിൽ കഴിയുന്ന സുഡാനി കുട്ടികളെ സൗദി അറേബ്യ റിക്രൂട്ട് ചെയ്ത് അമേരിക്കൻ ആയുധങ്ങൾ നൽകി യെമനിലെ യുദ്ധമുന്നണിയിലേക്ക് അയക്കുകയാണെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് സത്യവിരുദ്ധവും പച്ചക്കള്ളവുമാണെന്ന് യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിർ പറഞ്ഞു. നിയമാനുസൃത യെമൻ ഭരണകൂടത്തിന് പിന്തുണ നൽകുന്നതിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന ശ്രമങ്ങളെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് കുറച്ചുകാണിക്കുന്നു. യെമനിൽ ഹൂത്തി മിലീഷ്യകൾ കുട്ടികളെ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ചെറുക്കുന്നതിനും യുദ്ധത്തിന് റിക്രൂട്ട് ചെയ്ത കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ റിപ്പോർട്ട് അവഗണിക്കുന്നു.
യെമനിലെ സൈനിക നടപടികളിൽ അന്താരാഷ്ട്ര നിയമങ്ങൾ സഖ്യസേന പൂർണമായും പാലിക്കുന്നു. ആയുധക്കടത്ത്, കുട്ടികളെ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യൽ പോലെ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ ദിനേന അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണ്. സത്യം മനസ്സിലാക്കുന്നതിന് ന്യൂയോർക്ക് ടൈംസും മറ്റു മാധ്യമങ്ങളും യെമൻ സൈനിക നടപടിയിൽ പങ്കെടുക്കുന്ന, സുഡാനിൽ നിന്നുള്ള സൈനിക യൂനിറ്റുകൾ സന്ദർശിക്കണമെന്ന് മുഹമ്മദ് ആലുജാബിർ ആവശ്യപ്പെട്ടു.