റിയാദ് - കപ്പൽ വാടക നൽകാത്ത പക്ഷം കപ്പലുകളിലെ ചരക്കുകൾ പിടിച്ചുവെക്കുന്നതിന് കപ്പൽ ഉടമകളെ പുതിയ സമുദ്ര വാണിജ്യ നിയമം അനുവദിക്കുന്നു. വാടക ഈടാക്കിയെടുക്കുന്നതിന് ചരക്കുകൾ പൂർണമായോ ഭാഗികമായോ വിൽപന നടത്താൻ ഉത്തരവിടുന്നതിന് കോടതികൾക്ക് നിയമം അധികാരം നൽകുന്നു. കപ്പലുകൾ മറിച്ച് വാടകക്ക് നൽകുന്നത് വിലക്കുന്ന പ്രത്യേക വകുപ്പ് കരാറിൽ ഉൾപ്പെടുത്താത്ത പക്ഷം ഉടമകളിൽ നിന്ന് വാടകക്കെടുക്കുന്ന കപ്പലുകൾ മറ്റുള്ളവർക്ക് മറിച്ച് വാടകക്ക് നൽകുന്നതിന് വാടകക്കാരെ നിയമം അനുവദിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വാടക കരാർ പ്രകാരം കപ്പൽ ഉടമയോടുള്ള ബാധ്യതകളുടെ ഉത്തരവാദിത്തം ആദ്യമായി കപ്പൽ വാടകക്കെടുക്കുന്നവർക്കായിരിക്കും.
വാടക കരാർ അവസാനിച്ചാലുടൻ വാടകക്കാർ കപ്പലുകൾ ഉടമകൾക്ക് തിരിച്ചുനൽകണം. ഏതു തുറമുഖത്തു നിന്നാണോ കപ്പൽ കൈപ്പറ്റിയതെങ്കിൽ അതേ തുറമുഖത്തു വെച്ചാണ് കപ്പൽ കൈമാറേണ്ടത്. വാടകക്കാരന്റെ ഭാഗത്തുള്ള ഏതെങ്കിലും കാരണത്തിന്റെ പേരിൽ കപ്പൽ നിശ്ചിത സമയത്ത് ഉടമക്ക് തിരിച്ചുനൽകുന്നതിന് കാലതാമസം വരുന്ന പക്ഷം ആദ്യത്തെ പതിനഞ്ചു ദിവസത്തിന് വാടകക്ക് തുല്യമായ തുക ഉടമക്ക് നൽകിയിരിക്കണം. ഇതിനു ശേഷമുള്ള ഓരോ ദിവസത്തിനും ഇരട്ടി വാടക നൽകൽ നിർബന്ധമാണ്.
സൗദി കപ്പലുകളിൽ സൗദി പതാക ഉയർത്തൽ നിർബന്ധമാണ്. ഒന്നിലധികം രാജ്യങ്ങളുടെ പതാകകൾ കപ്പലുകൾ ഉയർത്തുന്നതിന് വിലക്കുണ്ട്. കൂടാതെ യാത്രക്കിടെ പതാകകൾ മാറ്റുന്നതിനും വിലക്കുണ്ട്. ഇരുപത്തിനാലു മീറ്ററിൽ കുറവ് നീളമുള്ള കപ്പലുകൾ, ഇരുപതു മീറ്ററിൽ കൂടുതൽ നീളമില്ലാത്ത, 30 ടണ്ണിൽ കൂടുതൽ ഭാരമില്ലാത്ത മത്സ്യബന്ധന കപ്പലുകൾ, പതിനൊന്നു മീറ്ററിൽ കൂടുതൽ നീളമില്ലാത്ത, പത്തു ടണ്ണിൽ കൂടുതൽ ഭാരമില്ലാത്ത ഉല്ലാസ കപ്പലുകൾ, ഗ്ലൈഡർ ബോട്ടുകൾ എന്നിവക്ക് പുതിയ നിയമം ബാധകമല്ല. സൗദിയിൽ രജിസ്റ്റർ ചെയ്യാത്ത കപ്പലുകളിൽ സൗദി പതാകകൾ ഉയർത്തുന്നതിന് ഒരു ലക്ഷം റിയാൽ മുതൽ പത്തു ലക്ഷം റിയാൽ വരെ പിഴ ലഭിക്കും.
ബന്ധപ്പെട്ട വകുപ്പുകളെ കബളിപ്പിക്കുന്നതിന് ശ്രമിച്ച് മറിഞ്ഞ കപ്പലുകളോ ഉപേക്ഷിക്കപ്പെട്ട കപ്പലുകളോ ഇത്തരം കപ്പലിലെ ചരക്കുകളോ തകർന്ന കപ്പൽ ഭാഗങ്ങളോ സൗദി ജലാതിർത്തിയിൽ പ്രവേശിപ്പിക്കുന്നവർക്കും അപകടത്തിൽ പെട്ട കപ്പലുകൾ രക്ഷപ്പെടുത്തുന്നത് തടയുന്നതിന് ശ്രമിക്കുന്നവർക്കും തകർന്ന കപ്പൽ ഭാഗങ്ങൾ സൗദി തുറമുഖങ്ങളിലും ജലാതിർത്തിയിലും ഒളിപ്പിച്ചുവെക്കുന്നവർക്കും ഒരു ലക്ഷം റിയാൽ മുതൽ അഞ്ചു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിന് നിയമം അനുശാസിക്കുന്നു.
മുങ്ങാറായ കപ്പൽ രക്ഷപ്പെടുത്തുന്നതിനുള്ള അപേക്ഷയുമായി പ്രതികരിക്കാത്ത ക്യാപ്റ്റനും സമുദ്രത്തിൽ കണ്ടെത്തുന്ന വ്യക്തിയെ രക്ഷിക്കാൻ ശ്രമിക്കാത്ത ക്യാപ്റ്റനും ലൈസൻസില്ലാത്ത കപ്പൽ ഓടിക്കുന്നവർക്കും യാത്രാ വിലക്കേർപ്പെടുത്തിയ കപ്പൽ ഓടിക്കുന്നവർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കപ്പൽ പരിശോധിക്കുന്നതിൽ നിന്ന് തടയുന്നവർക്കും പതിനായിരം റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലൈസൻസില്ലാതെ കപ്പൽ ഗൈഡ് ആയി പ്രവർത്തിക്കുന്നവർക്ക് പതിനായിരം റിയാൽ മുതൽ അര ലക്ഷം റിയാൽ വരെ പിഴയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.