ബെയ്‌ജിംഗ്: സൈന്യത്തോട് യുദ്ധ സജ്ജരായിരിക്കാൻ ആവശ്യപെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. അമേരിക്കയുമായുള്ള നായതന്ത്ര ബന്ധങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സൈന്യത്തിന് പ്രസിഡന്റ് പുതിയ ഉത്തരവ് നൽകിയത്. "അടിയന്തര ഘട്ടങ്ങളെ നേരിടാൻ സൈന്യം തയ്യാറെടുക്കണം. സാധ്യമായ രീതിയിലൊക്കെ അക്രമണ-പ്രതിരോധ ശേഷി സൈന്യം വർധിപ്പിക്കണം," ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിൽ ഷി പറഞ്ഞു.
ദക്ഷിണ ചൈന സമുദ്രത്തിന്റെ നിയന്ത്രണം, തായ്‌വാന്റെ സ്വതന്ത്ര പദവി, അമേരിക്കയുമായി കച്ചവട രംഗത്ത് നിലനില്ക്കുന്ന തർക്കങ്ങൾ. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ ആഹ്വാനം.
"ചൈന നിരന്തരം വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയും വികസനവും ഉറപ്പ് വരുത്താൻ സൈന്യം സജ്ജമാവേണ്ടതുണ്ട്," പ്രസിഡന്റ് പറഞ്ഞു.
ചൈന യുദ്ധ സജ്ജമാവേണ്ടതുണ്ടെന്നും പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും അടിയന്തര ഘട്ടങ്ങളോട് ദ്രുതഗതിയിൽ പ്രതികരിക്കണമെന്നും ഷി പറഞ്ഞു. പുതിയ വാർത്തയോട് ഏതായാലും അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പ്രതികരിച്ചിട്ടില്ല.
നേരത്തെ, തായ്‌വാന്റെ മേലുള്ള നിയന്ത്രണത്തിൽ ചൈന വിട്ട് വീഴ്ച്ചക്ക് തയ്യാറല്ല എന്നു ഷി പറഞ്ഞിരുന്നു.