തിരുവനന്തപുരം- കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല കർമസമിതിയുടെ പ്രകടനത്തിന് നേരെയുണ്ടായ അക്രമത്തിനിടെ പരിക്കേറ്റ് ശബരിമല കർമ്മസമിതി പ്രവർത്തകൻ കുരമ്പാല കുറ്റിയാൽ ചന്ദ്രനുണ്ണിത്താൻ മരിച്ച സംഭവത്തിലാണ് പോലീസിനെതിരെ കോടിയേരി രംഗത്തെത്തിയത്. ചന്ദ്രനുണ്ണിത്താന്റെ കൊലപാതകം ആസൂത്രിതമാണെന്ന പോലീസ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും തലതിരിഞ്ഞ പോലീസുകാരനാണ് ഈ റിപോർട്ട് എഴുതിയതെന്നും കോടിയേരി ആരോപിച്ചു. ആർ.എസ്.എസിന്റെ പ്രവർത്തനരീതിയെ പറ്റി പോലീസിന് ബോധം വേണമെന്നും കോടിയേരി മുന്നറിയിപ്പ് നൽകി. സി.പി.എം പ്രവർത്തകർ പ്രകോപനങ്ങളിൽ വീണുപോകരുതെന്നും സംസ്ഥാനം മുഴുവനും അക്രമങ്ങൾ നടത്താൻ ആർ.എസ്.എസ് ശ്രമം നടത്തുകയാണ്. ഒരു തരത്തിലുള്ള അക്രമണത്തിലും സി.പി.എം പ്രവർത്തകർ ഏർപ്പെടരുതെന്നും കോടിയേരി പറഞ്ഞു.