Sorry, you need to enable JavaScript to visit this website.

പിണറായി വിജയൻ  കപട നവോത്ഥാന നായകൻ-കെ.എം ഷാജി

ദോഹ- ഇന്ത്യയുടെ അവസാനത്തെ വാക്കല്ല സുപ്രീം കോടതിയെന്നും നിയമനിർമാണ സഭയുണ്ടാക്കുന്ന നിയമത്തെ വിശദീകരിക്കുകയാണ് കോടതിയുടെ കർത്തവ്യമെന്നും മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം ഷാജി. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഷാജി. സുപ്രീം കോടതി വിധിക്കെതിരെ സർക്കാറിന് ഓർഡിനൻസ് കൊണ്ടുവരാമായിരുന്നു. എന്നാൽ കേരളത്തിൽ ബി.ജെ.പിയുടെ സാധ്യതക്ക് വേണ്ടിയാണ് ഈ വിധിയെ വിവാദമാക്കുന്നത്. ഉമ്മൻ ചാണ്ടി ഭരിക്കുമ്പോഴാണ് ഓർത്തഡോക്‌സ് സഭയും പാത്രിയാർക്കിസ് സഭയും തമ്മിലുള്ള കേസിൽ സുപ്രീം കോടതി വിധി വന്നത്. ആ വിധി ഓർത്തഡോക്‌സ് സഭക്ക് അനുകൂലമായിരുന്നു. ഓർത്തഡോക്‌സ് സഭക്കാരനായിട്ടും ഉമ്മൻ ചാണ്ടി ആ വിധിയെ ഇലക്കും മുള്ളിനും പ്രശ്‌നമില്ലാതെ പരിഹരിച്ചു. വിശ്വാസത്തിന് മുകളിൽ യുക്തിയെ പ്രതിഷ്ഠിക്കാൻ നോക്കിയാൽ വിജയിക്കില്ല. നാം അനുഷ്ഠിച്ചുവരുന്ന പലതിനെയും യുക്തിയുടെ ഭാഗത്തുനിന്ന് നോക്കിയാൽ ശരിയല്ലെന്ന് തോന്നും. വിശ്വാസത്തിന് മുകളിൽ യുക്തിയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. 
കേരളത്തെ സി.പി.എമ്മിന്റെ പരീക്ഷണശാലയാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ത്രിപുരയിലും ബംഗാളിലും ഇല്ലാതായ പാർട്ടിയെ കേരളത്തിലെങ്കിലും പിടിച്ചുനിർത്താനാണ് ശ്രമിക്കുന്നത്. ബി.ജെ.പിയെ കോൺഗ്രസിനോളം വളർത്തി അധികാരത്തിൽ തുടരാനാണ് സി.പി.എം ശ്രമിക്കുന്നത്. ബി.ജെ.പി വളരുന്നുവെന്ന് പേടിപ്പിച്ച് ന്യൂനപക്ഷത്തിന്റെ വോട്ട് സി.പി.എമ്മിന് ലഭിക്കുന്നതിന് വേണ്ടിയുള്ള അപകടകരമായ കളിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്നത്. വനിതാ മതിലിൽ മുസ്ലിം സ്ത്രീകളെ പങ്കെടുപ്പിച്ച് ഇതരസമുദായക്കാരെ പ്രേകോപ്പിക്കാനാണ് ശ്രമിച്ചത്. മുസ്ലിം സ്ത്രീകൾ പർദ്ദ ധരിക്കുന്നത് കാടത്തമാണെന്ന് പ്രചരിപ്പിക്കുന്നവരാണ് വനിതാ മതിലിൽ പർദ്ദയിട്ട സ്ത്രീകളെ ആഘോഷിച്ചത്. നാളെ മുസ്്‌ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു മതിലുണ്ടാക്കുകയും അതിൽ മുസ്ലിംകളല്ലാത്ത സ്ത്രീകൾ പങ്കെടുക്കുന്നത് പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ മുസ്്‌ലിംകൾക്കുണ്ടാകുന്ന വികാരം എന്തായിരിക്കും. ഹിന്ദു സഹോദരങ്ങളുടെ മനസിൽ അപകടകരമായ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സർക്കാർ. ആർത്തവകാരിയായ സ്ത്രീകൾ ശബരിമലയിൽ വരരുതെന്ന് പറയുന്നത് വിശ്വാസമാണ്. വിശ്വാസികളായ സ്ത്രീകൾ അവിടെ പോകുന്നില്ല. അതിന് പകരം യുക്തിവാദികളായ സ്ത്രീകളെയാണ് കൊണ്ടുപോകുന്നത്. രാത്രിയുടെ മറവിൽ മുഴുവൻ പോലീസുകാരെയും ഉപയോഗിച്ചാണ് ശബരിമലയിലേക്ക് യുക്തിവാദികളായ സ്ത്രീകളെ കയറ്റിയത്. ഇതിന്റെ പേരിൽ നവോത്ഥാന നായകൻ എന്ന പേര് എടുത്തണിയുകയാണ് പിണറായി വിജയൻ. കേരളത്തിലെ നവോത്ഥാന നായകൻമാരെ പറ്റി പിണറായിക്ക് ഒരു ചുക്കും അറിയില്ല. ബി.ജെ.പിയുടെ വളർച്ചക്ക് വേണ്ടി എല്ലാ സഹായവും ചെയ്യുന്നത് പിണറായി വിജയനാണ്.
വിശ്വാസത്തെ മാനിക്കുന്നതാണ് യഥാർത്ഥ വിധിയെന്നും ശബരിമല വിഷയത്തിൽ ഇന്ദു മൽഹോത്രയുടെ വിധിയാണ് കൂടുതൽ പ്രായോഗികമെന്നും ഷാജി വ്യക്തമാക്കി. 

Latest News