തിരുവനന്തപുരം - തിങ്കളാഴ്ചത്തെ ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ ഇന്നലെ വൈകിട്ട് വരെ 1108 കേസുകളിലായി 1718 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. 1009 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്.
അക്രമങ്ങളിൽ 135 പോലീസുദ്യോഗസ്ഥരും 129 പൊതുജനങ്ങളും 10 മാധ്യമപ്രവർത്തകരുമടക്കം 274 പേർക്ക് പരിക്കേറ്റു.
തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോലീസുകാർക്ക് പരിക്കേറ്റത് - 26. പാലക്കാട് 24, മലപ്പുറത്ത് 13, കൊല്ലം റൂറൽ, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ 12 പേർ വീതം എന്നിങ്ങനെയും പോലീസുകാർക്ക് പരിക്കേറ്റു. പൊതുജനങ്ങൾക്ക് ഏറ്റവും കൂടുതൽ പരിക്കേറ്റത് പത്തനംതിട്ട ജില്ലയിലാണ് - 18. കൊല്ലം സിറ്റി, കൊല്ലം റൂറൽ എന്നിവിടങ്ങളിൽ 17 പേർക്ക് വീതം പരിക്കേറ്റു. കാസർകോട്ട് നാലും തൃശൂർ റൂറൽ, കൊല്ലം സിറ്റി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽ രണ്ടും വീതം മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങൾ അന്വേഷിക്കുന്നതിനും അനന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി ആരംഭിച്ച ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ ഊർജ്ജിതപ്പെടുത്തിയതായി ഡി.ജി.പി അറിയിച്ചു. പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ ഈ നടപടികൾ തുടരും. ശബരിമലയിൽ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിൽ തീർത്ഥാടനം പുരോഗമിക്കുകയാണ്. തീർത്ഥാടനത്തിന് എത്തുന്ന എല്ലാവർക്കും പോലീസ് മതിയായ സുരക്ഷ ലഭ്യമാക്കുന്നുണ്ട്. അക്രമം അമർച്ചചെയ്യാനും സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും എല്ലാ നടപടികളും പോലീസ് കൈക്കൊണ്ടിട്ടുണ്ടെന്നും പോലീസ് മേധാവി വ്യക്തമാക്കി.