ഇടുക്കി- ഹര്‍ത്താല്‍ ദിനത്തില്‍ ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞ ബി.ജെ.പി നേതാക്കളെ ഇടുക്കി ഡി.സി.സി സെക്രട്ടറി എം.ഡി അര്‍ജുനന്‍ മാലയിട്ട് സ്വീകരിച്ചു. ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞതിന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എസ്. സുരേഷ്, ആര്‍.എസ്.എസ് കാര്യവാഹക് പ്രേംകുമാര്‍, സ്വാമി ദേവചൈതന്യ എന്നിവരങ്ങുന്ന 16 അംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വൈകിട്ട് ആറിന് ഇവരെ വിട്ടയച്ചപ്പോള്‍ ചെറുതോണിയില്‍ നിന്ന് നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ജാഥയായി പോലീസ് സ്റ്റേഷനിലെത്തി സ്വീകരിക്കുകയായിരുന്നു. ഇവരോടൊപ്പം ഡി.സി.സി സെക്രട്ടറിയും ഉണ്ടായിരുന്നു. തിരികെ ജാഥയായി വീണ്ടും ചെറുതോണിയിലെത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്തത് ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്. ബി.ജെ.പി പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പോയത് സംബന്ധിച്ച് അറിയില്ലെന്നും ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. എന്നാല്‍ അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ബി.ജെ.പി പ്രവര്‍ത്തകരെ സ്വീകരിച്ചതെന്ന് എം.ഡി അര്‍ജുനന്‍ പറഞ്ഞു. എം.ഡി അര്‍ജുനന്‍ കോണ്‍ഗ്രസിലെ ഇടുക്കിയുടെ വക്താവായാണ് അറിയപ്പെടുന്നത്.