Sorry, you need to enable JavaScript to visit this website.

ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ  പരീക്ഷാ നടത്തിപ്പ് താളം തെറ്റി 

പത്തനംതിട്ട - പരീക്ഷകൾ മാറ്റി വിദ്യാർഥികളെ കുഴപ്പത്തിലാക്കി സംസ്ഥാന ശാസ്ത്ര സാങ്കേതിക സർവകലാശാല. ആദ്യം ഒരു ഹർത്താലിന് മാറ്റി, രണ്ടാമത് വനിതാ മതിലിന് മാറ്റി, പിന്നീട് സർവകലാശാല സ്വയം മാറ്റി. ഇപ്പോഴിതാ വീണ്ടും ഹർത്താലിന്റെ പേരിൽ മാറ്റം. ഇനി മകരവിളക്കിന്റെ പേരിലും മാറ്റാൻ സാധ്യത. നാഥനില്ലാ കളരിയായി മാറിയ സംസ്ഥാന ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് പരീക്ഷകൾ അടിക്കടി മാറ്റി വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്നത്. 
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെ ആവേശപൂർവം ആരംഭിച്ചതും സംസ്ഥാനത്തെ എൻജിനീയറിങ് രംഗം മെച്ചപ്പെടുത്തുന്നതിനും വേണ്ടി തുടങ്ങിയ ഡോ. എ.പി.ജെ അബ്ദുൾ കലാം കേരള ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റിയാണ് ഇന്ന് നേതൃത്വം ഇല്ലാതെ ഇത്തരത്തിൽ തകർച്ചയിലേക്ക് നയിക്കുന്നത്. ഡിസംബർ രണ്ടാം വാരം ആരംഭിച്ച് ജനുവരി ആദ്യ വാരം പരീക്ഷകൾ പൂർത്തിയാകും വിധമായിരുന്നു ആദ്യം ടൈംടേബിൾ തയാറാക്കിയിരുന്നത്. മറ്റൊരു കാരണവുമില്ലാതെ ഇതിൽ പല ദിവസത്തെ പരീക്ഷകളും സർവകലാശാല തന്നെ മാറ്റി. പല ദിവസങ്ങളും ഒഴിവാക്കി പുതിയവ ഉൾപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ചു തന്നെ 10 ന് മുൻപ് പരീക്ഷകൾ പൂർത്തിയാകേണ്ടതാണ്. ഇതിനിടയിലാണ് ഡിസംബറിൽ ഹർത്താൽ എത്തിയത്. ഇതോടെ ആ ദിവസത്തെ പരീക്ഷ ജനുവരിയിലേക്ക് മാറ്റി. 
ക്രിസ്മസ്-പുതുവത്സര യാത്രകളും പരിപാടികളും ഒഴിവാക്കി കുട്ടികൾ ജനുവരി ഒന്നാം തീയതിയിലെ പരീക്ഷക്കായി തയാറെടുപ്പുകൾ നടത്തുന്നതിനിടയിൽ തലേദിവസം ഇത് മാറ്റിയതായി അറിയിപ്പ് വന്നു. ഇത് ഇനി എന്ന് നടത്തുമെന്ന് തീരുമാനമായിട്ടില്ല. പുതുവത്സര ദിനത്തിലെ പരീക്ഷ ഒഴിവായതോടെ രണ്ടാം തീയതിയിലെ അവധിക്ക് ശേഷം മൂന്നിന് എഴുതാൻ തയാറെടുത്തവർക്ക് ഹർത്താൽ മൂലം ഇത് മാറ്റിയതായി തലേന്ന് അറിയിപ്പ് വന്നു. ഇനി ഇതൊക്കെ എന്ന് നടക്കുമെന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കോളേജ് അധികൃതർക്കും ഒരു രൂപവുമില്ല. കഴിഞ്ഞ മാസം നടക്കാതെ പോയ ഒരു വിഷയം മകരവിളക്ക് ദിനമായ 14 ലേക്കാണ് നീട്ടിയത്. അന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്ക് മുൻകാലങ്ങളിൽ അവധിയായിരുന്നു. ഇക്കുറിയും അങ്ങനെ വന്നാൽ ഇത് വീണ്ടും നീട്ടേണ്ടി വരും. ദേശീയ പണിമുടക്ക് ഒഴിവാക്കി നൽകിയിരിക്കുന്ന പുതിയ സമയക്രമം പ്രകാരം 24 വരെ പരീക്ഷ തുടരും. എന്നിട്ടാവണം പുതിയ സെമസ്റ്റർ ആരംഭിക്കാനും ജൂണിൽ പൂർത്തിയാക്കാനും. ഇതോടെ അടുത്ത സെമസ്റ്റർ എന്ന് തുടങ്ങാൻ കഴിയുമെന്നോ അവസാനിക്കുമെന്നോ ആർക്കും ഒരു രൂപവുമില്ല. കേരള, മഹാത്മാ ഗാന്ധി, കോഴിക്കോട് സർവകലാശാലകളുടെ പരിധിയിൽ എൻജിനീയറിങ് കോളേജുകൾ ഉൾപ്പെട്ടിരുന്നപ്പോൾ അതാതിടങ്ങളിലെ സമരങ്ങളും ഹർത്താലുകളും മൂലം പ്രാദേശികമായ മാറ്റം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാന അടിസ്ഥാനത്തിൽ ഒരു യൂനിവേഴ്‌സിറ്റി ആയതോടെ പ്രാദേശിക സമരങ്ങൾ വരെ കണക്കിലെടുത്തു പരീക്ഷകൾ മാറ്റേണ്ടി വരുന്നു. സർവകലാശാലയുടെ ബി.ടെക് ആദ്യ ബാച്ച് പുറത്തിറങ്ങേണ്ട വർഷം കൂടിയാണിത്. ഇത് കൃത്യമായി നടന്നെങ്കിൽ മാത്രമേ യൂനിവേഴ്‌സിറ്റിയുടെ നിലവാരം കണക്കാക്കാൻ പോലും കഴിയൂ. കാമ്പസ് അഭിമുഖവും നിയമനവും മറ്റും ഒഴിവാക്കി യൂനിവേഴ്‌സിറ്റി തലത്തിലാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ കാര്യങ്ങൾ ഒന്നും കൃത്യമാകാതെ വന്നതോടെ അഭിമുഖങ്ങൾ പഴയ പടിയായി. 
സർവകലാശാലയെ വിശ്വസിച്ചു മുൻകൂട്ടി തയാറെടുപ്പുകൾ നടത്താതിരുന്ന കോളേജുകൾ വെട്ടിലാകുകയും വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടുകയും ചെയ്തു. ഓൺലൈൻ വഴി ചോദ്യപേപ്പർ കോളജുകളിൽ സമയത്ത് പ്രിന്റ് എടുത്ത് നൽകി പരീക്ഷകൾ നടത്തുകയും മൂല്യനിർണയം ഇതേ തരത്തിൽ കുറ്റമറ്റ രീതിയിൽ നടത്താനുമായിരുന്നു സർവകലാശാല ആദ്യം പദ്ധതി തയാറാക്കിയിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയോഗിച്ച വൈസ് ചാൻസലറും ഉദ്യോഗസ്ഥരും ചേർന്ന് നടപ്പാക്കാൻ തുടങ്ങിയ ഈ പദ്ധതി ഇടത് അധ്യാപക സംഘടനകളും എസ്.എഫ്.ഐയും ചേർന്ന് നടത്തിയ സമരത്തിനൊടുവിൽ പിൻവലിക്കേണ്ടി വന്നു. ഇതിനായി ഒരുക്കിയ ആധുനിക സാങ്കേതിക സൗകര്യങ്ങളും നഷ്ടപ്പെട്ടു. കരാർ ഏറ്റെടുത്ത കമ്പനിയുമായി ഇപ്പോൾ കേസുമായിട്ടുണ്ട്. പിന്നീടിങ്ങോട്ട് എല്ലാം താളം തെറ്റിയ നിലയിലായിരുന്നു. 
കൃത്യമായി ഹാജർ ഇല്ലാത്തവർക്കും സെമസ്റ്റർ പരീക്ഷകൾ ജയിക്കാത്തവർക്കും ഏർപ്പെടുത്തിയ ഇയർ ബാക്ക് സംവിധാനവും കഴിഞ്ഞ മൂന്ന് കൊല്ലങ്ങളിൽ നടത്തിയ സമരങ്ങൾ മൂലം ഇല്ലാതെയായി. വിദ്യാഭ്യാസ വിദഗ്ധനായ വകുപ്പ് മന്ത്രിക്ക് പോലും സ്വന്തം അധ്യാപക-വിദ്യാർഥി പ്രതിഷേധം മൂലം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനിടെ ആദ്യ വി.സി സ്ഥാനം വച്ചൊഴിയുകയും നിയമാനുസരണം പ്രൊ. വി.സി ഇല്ലാതാകുകയും ചെയ്തു. പിന്നീട് ചുമതല പലർക്കുമായി. പുതിയ വി.സിയെ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല. ഇപ്പോൾ ഇതിനായി വീണ്ടും വിജ്ഞാപനം പുറത്തിറക്കി കാത്തിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ അതികായൻ ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിൽ ആരംഭിച്ച സാങ്കേതിക സർവകലാശാല ഇപ്പോൾ ആ പേരിനു പോലും മാനക്കേടാക്കിയാണ് മുന്നോട്ട് പോകുന്നത്.

 

Latest News