ആലപ്പുഴ- ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ആലപ്പുഴ ഡി.ടി.പി.സി വാങ്ങിയ പുതിയ ആഡംബര ബസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. 33 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്. മൂന്നാർ പോലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് ആലപ്പുഴയുടെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തുന്ന വിനോദസഞ്ചാരികളെയും ആലപ്പുഴയിൽനിന്ന് മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരെയും ലക്ഷ്യമിട്ടാണ് ഡി.ടി.പിസി പുതിയ ബസ് ഒരുക്കിയത്.
നിലവിൽ വിനോദ സഞ്ചാരികൾ സ്വകാര്യ വാഹനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത.് ഡി.ടി.പി.സി ബസ് സർവീസ് ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികൾക്ക് മിതമായ നിരക്കിൽ യാത്രചെയ്യാൻ അവസരം ഒരുങ്ങും. പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി പുതിയ പാക്കേജ് ആരംഭിക്കാനും ഡി.ടി.പി.സിക്ക് പദ്ധതിയുണ്ട്. മികച്ച എ.സി., പുഷ്ബാക്ക് സീറ്റുകൾ, എൽ.ഇ.ഡി ടെലിവിഷൻ, ഡി.ടി.എച്ച് സംവിധാനം തുടങ്ങി യാത്രക്കാർക്ക് സുഖകരമായ അനുഭവം നൽകുന്നതാണ്. തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ എൻ.ഷംസുദ്ദീൻ, ജോൺ ഫെർണാണ്ടസ്, കെ.വി.അബ്ദുൾ ഖാദർ, ജില്ല കലക്ടർ എസ്.സുഹാസ്, ഡി.ടി.പി.സി സെക്രട്ടറി എം.മാലിൻ, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം രാജശേഖരൻ, ടി.ജയമോഹൻ തുടങ്ങിയവർ ഫഌഗ് ഓഫ് ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് ബസ്സിൽ ബീച്ചിലൂടെ സഞ്ചരിച്ചു.