റിയാദ് - ആഗമന, നിർഗമന വിമാന സർവീസുകളുടെ സമയനിഷ്ഠയുടെ കാര്യത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിന് പുതിയ നേട്ടം.
ലോകത്തെ ഏറ്റവും മികച്ച വലിയ എയർപോർട്ടുകളുടെ കൂട്ടത്തിൽ വിമാന സർവീസുകളുടെ സമയനിഷ്ഠയുടെ കാര്യത്തിൽ റിയാദ് എയർപോർട്ടിന് പതിനൊന്നാം സ്ഥാനമാണെന്ന് ഒഫീഷ്യൽ എയർലൈൻസ് ഗൈഡ് റിപ്പോർട്ട് പറഞ്ഞു. വലിയ എയർപോർട്ടുകളുടെ വിഭാഗത്തിൽ വിമാന സർവീസുകളുടെ സമയനിഷ്ഠയുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും മികച്ച ഇരുപതു എയർപോർട്ടുകളുടെ കൂട്ടത്തിലാണ് റിയാദ് വിമാനത്താവളം. എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം അന്താരാഷ്ട്ര എയർപോർട്ടുകളുടെ കൂട്ടത്തിൽ ആറാം സ്ഥാനം കൈവരിക്കുന്നതിന് റിയാദ് വിമാനത്താവളത്തിന് സാധിച്ചിരുന്നു. എല്ലാ വിഭാഗം എയർപോർട്ടുകളുടെയും കൂട്ടത്തിൽ റിയാദ് വിമാനത്താവളം കഴിഞ്ഞ കൊല്ലം 93-ാം സ്ഥാനത്തെത്തി.
2017 ൽ 151-ാം സ്ഥാനത്തായിരുന്നു റിയാദ് വിമാനത്താവളം. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ട് നിരവധി പുതിയ സേവനങ്ങളും പദ്ധതികളും റിയാദ് എയർപോർട്ട് കമ്പനി കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു.