തിരുവനന്തപുരം- രണ്ടു യുവതികള്‍ ശബരിമല കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ മൂന്നാമതൊരു സ്ത്രീ കൂടി കൂടി കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നില്ലെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ദര്‍ശനം നടത്താതെ തിരിച്ചിറങ്ങിയ ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. മറ്റു ഭക്തര്‍ക്കൊപ്പം സന്നിധാനത്ത് എത്തിയാണ് യുവതികള്‍ പ്രാര്‍ത്ഥിച്ചതെന്നും ഇതൊന്നും ശബരിമലയില്‍ ഉണ്ടായിരുന്ന ഭക്തര്‍ മഹാപരാധമായി കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിളിമാനൂല്‍ കൊഴുവഴന്നൂരില്‍ സിപിഎം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതികളെ നൂലില്‍ കെട്ടിയിറക്കിയതല്ലെന്നും മറ്റു ഭക്തര്‍ക്കൊപ്പമാണ് അവര്‍ സന്നിധാനത്ത് എത്തിയതെന്നും പിണറായി പറഞ്ഞു. ഭക്തര്‍ അവര്‍ക്ക് സൗകര്യം ചെയ്തു കൊടുത്തു. മണിക്കൂറുകളോളം പ്രതിഷേധമുണ്ടായില്ല. പ്രതിഷേധം സംഘപരിവാര്‍ ആസുത്രണം ചെയ്തതാണ്. രണ്ടു യുവതികള്‍ മലകയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ മൂന്നാമതൊരാള്‍ കൂടി കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നില്ലെ? യുവതി കയറിയാല്‍ ആത്മാഹുത്യ ചെയ്യുമെന്ന് പറഞ്ഞ നേതാവ് ഇപ്പോഴും ഇവിടെ ഉണ്ട്- സംഘപരിവാറിനെ കൊട്ടി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു. ഇത്തരക്കാര്‍ക്ക് ആര്‍.എസ്.എസാണ് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് അവര്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും ദ്ദേഹം പറഞ്ഞു.
അക്രമം അഴിച്ചുവിട്ട സംഘപരിവാറിന് ജനപിന്തുണയില്ല. സഹികെട്ടപ്പോള്‍ നാട്ടുകാര്‍ തന്നെ സംഘടിച്ച് അവരെ തിരിച്ചയച്ചതാണ് കണ്ടത്. ശബരിമല യുവതി പ്രവേശന വിധി തുല്യാവകാശവുമായി ബന്ധപ്പെട്ടതാണ്. ജാതീയമായ ധ്രുവീകരണം ഇവിടെ നടക്കില്ല. കേരളം കൈവരിച്ച നവോത്ഥാന മൂല്യങ്ങളെ പിന്നോട്ടടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതു കണ്ടില്ലെന്ന് നടിക്കാനാകില്ല. ഇതിനെതിരെയാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.