റിയാദ്- പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനത്തോടനുബന്ധിച്ച് പി.എം.എഫ് അറേബ്യന്‍ പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് നല്‍കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോടും സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാനും അറിയിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ചെയ്ത ജീവകാരുണ്യ ചികിത്സ സഹായങ്ങളെ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.
ഞായറാഴ്ച നടുമ്പാശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടക്കുന്ന പി.എം.എഫ് ആറാമത് ഗ്ലോബല്‍ സമ്മേളന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
സമ്മേളനത്തിലേക്ക് സൗദി തല പ്രതിനിധി സംഘത്തെ പ്രസിഡന്റ് ഡോ. അബ്ദുന്നാസര്‍ നയിക്കും. കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം മാധ്യമ സമ്മേളനം, ചര്‍ച്ചാ ക്ലാസ്സുകള്‍, സംവാദങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടക്കും. ഉച്ചയ്ക്ക് 2:30 മുതല്‍ പ്രതിനിധി സമ്മേളനവും സംഘടനാ ചര്‍ച്ചയും നടക്കും. 3:30 മുതല്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രവാസിസമൂഹവും നവകേരള നിര്‍മാണവും എന്ന വിഷയത്തിലുള്ള മാധ്യമ സെമിനാര്‍ നടക്കും. പി.എം.എഫ് ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ ഡോ.കെ .കെ.അനസ്, പി.പി ചെറിയാന്‍ എന്നിവര്‍ അതിഥികളെ പരിചയപ്പെടുത്തും.